Advertisement
Kerala News
വയനാട് പുനരധിവാസം; മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന് തറക്കല്ലിടും: മന്ത്രി കെ. രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 11, 05:55 am
Tuesday, 11th March 2025, 11:25 am

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് തറക്കല്ലിടല്‍ നിശ്ചയിച്ചു. മാര്‍ച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചു.

വയനാടിനായി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുമെന്നും എല്ലാവരും ഒരുമിച്ച് തന്നെ ഇക്കാര്യത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ടോപ്പോഗ്രാഫിക്കല്‍ സര്‍വേയും ജിയോളജിക്കല്‍ സര്‍വേയും ഹൈഡ്രോളജിക്കല്‍ സര്‍വേയും സോയില്‍ ടെസ്റ്റിങ്ങും കഴിഞ്ഞ് ബോണ്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

കടങ്ങള്‍ എഴുതി തള്ളുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രത്തിന്റെ നിലപാട് വിമര്‍ശനാത്മകമാണെന്നും ചൂരല്‍മലയില്‍ നിങ്ങള്‍ ഞങ്ങള്‍ എന്നൊന്നുമില്ലെന്നും പ്രതിപക്ഷത്തോടൊപ്പം ഒരുമിച്ച് കൂട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത ബാധിതരായ 1112 കുടുംബങ്ങളുടെ പുനരധിവാസത്തിനായി മൈക്രോ പ്ലാനുള്‍പ്പെടെ നടത്തിയിട്ടുണ്ടെന്നും തുടര്‍ ചികിത്സയ്ക്ക് പണം കൊടുക്കുന്നതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണെന്നും അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയൊന്നുമില്ലെന്നും ചികിത്സയ്ക്കായി പൂര്‍ണ ചെലവും കേരള സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കൊടുക്കാത്ത ബ്രഡ് പൂത്ത കഥയുള്‍പ്പെടെ പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Wayanad rehabilitation; Foundation stone for township to be laid on march 27: Minister K. Rajan