Kerala News
വയനാട് പുനരധിവാസത്തിന് കേന്ദ്ര സഹായമില്ല; 530 കോടിയുടെ വായ്പ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 14, 07:31 am
Friday, 14th February 2025, 1:01 pm

ന്യൂദല്‍ഹി: വയനാട് പുനരധിവാസത്തിനായി കേരളത്തിന് 530 കോടിയുടെ പലിശയില്ലാ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 50 വര്‍ഷം കൊണ്ട് സംസ്ഥാനം ഈ വായ്പ തിരിച്ചടക്കണം. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രം ഇതുസംബന്ധിച്ച് കത്തയച്ചു.

16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്കായി കണ്ടെത്തുന്ന ഭൂമിയില്‍ പൊതുകെട്ടിടങ്ങള്‍, റോഡ് തുടങ്ങിയവയുടെ നിര്‍മാണത്തിനായാണ് വായ്പ തുക വിനിയോഗിക്കാന്‍ കഴിയുക.

മാര്‍ച്ച് 31നകം വായ്പ തുക ചെവഴിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 529.50 കോടി രൂപയാണ് വായ്പ ഇനത്തില്‍ കേന്ദ്രം കേരളത്തിന് അനുവദിച്ചത്.

അതേസമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2000 കോടിയുടെ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിന് എന്താണ് തടസമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ദുരന്തബാധിതരുടെ വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോയെന്ന് കേന്ദ്ര സര്‍ക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും ഹൈക്കോടതി ചോദിച്ചിരുന്നു.

2025-26 കേന്ദ്രബജറ്റില്‍ വയനാടിന് പ്രത്യേക പാക്കേജുണ്ടാകുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ വയനാടിന്റെ പേര് പരാമര്‍ശിക്കുക പോലും ചെയ്തിരുന്നില്ല. പിന്നാലെ പ്രധാനമന്ത്രി നേരിട്ട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ദുരന്ത നിവാരണത്തിന് ഒന്നും നല്‍കിയില്ലെന്നുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇതിനുപുറമെ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്ന സൈന്യത്തിന്റെ ചെലവുകള്‍ സംസ്ഥാനം തിരിച്ചുനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ ഇതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ് എന്നാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്.

Content Highlight: Wayanad Rehabilitation; Center sanctioned 530 crore interest free loan to Kerala