കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകള്‍ ഇനി രാത്രി 10 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവുയെന്ന് പൊലീസ് ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയായ ഡോ. അരവിന്ദ് സുകുമാര്‍ ഐ.പി.എസ് ആണ് വിചിത്ര ഉത്തരവ് പുറത്തുവിട്ടത്.
വയനാട് പൊലീസിന്‍റെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ നവംബർ 25 നാണ് ഇക്കാര്യം പത്രകുറിപ്പായി പുറത്തുവിട്ടിരിക്കുന്നത്.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളില്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ‘അസമയത്ത്’ പുറത്തിറങ്ങിയാല്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും പറഞ്ഞാണ് നിരോധനം.
നിര്‍ദ്ദേശം ലംഘിച്ച് 10 മണിക്ക് ശേഷം ടര്‍ഫുകള്‍ പ്രവര്‍ത്തിച്ചാല്‍ ടര്‍ഫ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നുണ്ട്.
എന്നാല്‍ വയനാട് പൊലീസ് മേധാവിയുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഏതാണ് ആ അസമയമെന്നും എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തുവിട്ടതെന്നുമാണ് സോഷ്യല്‍മീഡിയയില്‍ കമന്റുകളായി ഉയരുന്നത്.
ഇനി വാഹനാപകടങ്ങള്‍ക്ക് കാരണം വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നതാണെന്ന് കാണിച്ച് ഗതാഗതം ഇയാള്‍ നിരോധിക്കുമോയെന്നും കമന്റുകള്‍ വരുന്നുണ്ട്.
ഐ.പി.എസ് കിട്ടിയ ഹോസ്റ്റല്‍ വാര്‍ഡന്‍ ആണോ പൊലീസ് മേധാവിയെന്നും ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
പൊലീസ് പുറത്തുവിട്ട് വാര്‍ത്താകുറിപ്പ് പൂര്‍ണരൂപം,
ജില്ലയില്‍ കായിക വിനോദത്തിനായി പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി 10 മണി വരെ മാത്രമെ പ്രവൃത്തിക്കാവൂ എന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളില്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികള്‍ അസമയത്തും ടൌണില്‍ കറങ്ങി നടക്കുന്നതുവഴി സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്.
ആയതിനാല്‍ ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. ഫുട്‌ബോള്‍ ടര്‍ഫ് നടത്തിപ്പുക്കാര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫ് നടത്തിപ്പുക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.