| Sunday, 18th February 2024, 10:55 am

'രാഹുല്‍ ഗാന്ധിക്ക് വയനാടിനെ കുറിച്ച് എന്തറിയാം'; വിമര്‍ശനവുമായി നാട്ടുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വന്യജീവീ ആക്രമണങ്ങളില്‍ തുടര്‍ച്ചയായി ജീവനുകള്‍ നഷ്ടമായ വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി നാട്ടുകാരില്‍ ചിലര്‍. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളിലാണ് നാട്ടുകാരില്‍ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് വയനാട്ടിലെ ഭൂപ്രകൃതിയെ കുറിച്ചും വനാതിര്‍ത്തികളിലെ പ്രശ്നങ്ങളെ കുറിച്ചും അറിയില്ലെന്നും അത് അദ്ദേഹത്തിന്റെ കുറവല്ലെന്നും അദ്ദേഹത്തോടൊപ്പമുള്ളവരാണ് അത് പറഞ്ഞ് കൊടുക്കേണ്ടിയിരുന്നത് എന്നും നാട്ടുകാരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഈ എം.പി. ക്ക് ഇന്നാടിന്റെ ജോഗ്രഫിക്കല്‍ കണ്ടീഷനെക്കുറിച്ച് അറിയില്ല. ഈ സ്ഥലത്തിന്റെ ഏതെല്ലാം സ്ഥലത്ത് ഫോറസ്റ്റാണെന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം അതില്‍ കുറ്റക്കാരനല്ല, ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുന്ന രാഷ്ട്രീയക്കാര്‍ രാഹുലിന് പറഞ്ഞുകൊടുക്കണം, നിങ്ങളുടെ മണ്ഡലത്തിന് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന്. അവര്‍ അത് പറഞ്ഞില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണം, വരുന്നയാളെ കോമാളിയാക്കാന്‍ പാടില്ല. രാഹുല്‍ ഗാന്ധിക്ക് അറിയില്ല, ഈ സ്ഥലത്തിന്റെ മൂന്ന് ഭാഗവും കാടാണെന്നും രണ്ട് ഭാഗത്ത് ഫെന്‍സിങ് ഇല്ലായെന്നും.

ആനയുടെ ആക്രമണത്തെപ്പറ്റിയും, ആനയുടെ സ്വഭാവത്തെപ്പറ്റിയും രാഹുല്‍ ഗാന്ധിക്ക് അറിയില്ല, അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുത്തില്ല എന്നതാണ് ശരി. ഇവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ആരുമില്ല, അങ്ങനെയുള്ളപ്പോള്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ എങ്ങനെ രാഹുല്‍ ഗാന്ധി അറിയും?’ നാട്ടുകാര്‍ ചോദിച്ചു.

ഇന്ന് രാവിലെയാണ് സ്ഥലം എം.പി കൂടിയായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിര്‍ത്തിവെച്ചാണ് രാഹുല്‍ ഇന്ന് വയനാട്ടിലെത്തിയിരിക്കുന്നത്. കല്‍പറ്റയില്‍ നടക്കുന്ന അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്.

Content Highlight: Wayanad peoples reacts against Rahul Gandhi’s visit

We use cookies to give you the best possible experience. Learn more