വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം
Kerala News
വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2024, 4:38 pm

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇടപെട്ട് ഹൈക്കോടതി. ദുരന്തത്തില്‍ സ്വമേധയാ കേസടുക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.

കേസ് നാളെ (വെള്ളിയാഴ്ച) രാവിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ എന്നീ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും വാദം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്നും കോടതി പരിശോധിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വയനാട് ദുരന്തത്തെ മുന്‍നിര്‍ത്തിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താത്പര്യഹരജി ഫയല്‍ ചെയ്തു. കാസര്‍കോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി. ഷുക്കൂറാണ് ഹരജി നല്‍കിയത്. സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള പണസമാഹരണം തടയണമെന്നാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം.

നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് ശരിയായ വിധത്തില്‍ വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നും ഹരജിക്കാരന്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മോണിട്ടറിങ് സംവിധാനം വേണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 413 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 16 ക്യാമ്പുകളിയായി 1968 പേരാണ് കഴിയുന്നത്. ദുരന്ത ബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോകുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ കണ്ടെത്തി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ഇതിനായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. സ്ഥിരം വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതാണ് രണ്ടാം ഘട്ടം. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. പുനരധിവാസത്തിന് ഭാഗമായുള്ള ടൗണ്‍ഷിപ് പദ്ധതിയാണ് മൂന്നാം ഘട്ടത്തില്‍ നടപ്പിലാക്കുക.

Content Highlight: Wayanad Mundakkai-Churalmala landslides intervened by the High Court