| Tuesday, 21st March 2023, 7:58 pm

'രേഖാമൂലം പരാതി നല്‍കിയിട്ടും ഇടപെടുന്നില്ല'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി. വയനാട്ടിലെ ആരോഗ്യ- കാര്‍ഷിക മേഖലയോട് കേരള സര്‍ക്കാരിന്
അവഗണനയാണെന്ന് രാഹുല്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം പരാതിനല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

തന്റെ മണ്ഡല സന്ദര്‍ശനത്തിനിടെ വയനാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി സംവദിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

പിണറായി വിജയന്‍

വയനാട്ടിലെ വന്യമൃഗശല്യവും ബഫര്‍സോണും ഉള്‍പ്പടെയുള്ള വിഷയങ്ങളും കല്‍പ്പറ്റയില്‍ യു.ഡി.എഫ് ജനപ്രതിനിധികളുമായി നടന്ന സംവാദത്തില്‍ രാഹുല്‍ ചര്‍ച്ച ചെയ്തു.

മുട്ടിലില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ ഷെരീഫിന്റെ വീട് ഇതിനിടയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. തന്റെ വയനാട് സന്ദര്‍ശനത്തിനിടയില്‍ ഇടക്ക് ഷെരീഫിന്റെ ഓട്ടോറിക്ഷയില്‍ രാഹുല്‍ യാത്ര ചെയ്തത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

രാഹുല്‍ ഗാന്ധി

മണ്ഡല സന്ദര്‍ശനം കഴിഞ്ഞ് രാഹുല്‍ ദല്‍ഹിയിലേക്ക് മടങ്ങി. കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ദല്‍ഹിയിലേക്ക് പോയത്.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ തന്റെ മണ്ഡല സന്ദര്‍ശനം ആരംഭിച്ചിരുന്നത്. വയനാട്ടിലെത്തിയ രാഹുല്‍, ബാംഗ്ലൂര്‍ കേരളസമാജം സാന്ത്വന ഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. 2019ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കാണ് പുതിയ വീടുകള്‍ നല്‍കിയത്.

Content Highlight: Wayanad MP Rahul Gandhi criticized Chief Minister Pinarayi Vijayan

We use cookies to give you the best possible experience. Learn more