വയനാട്: വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജില്ലാ ആശുപത്രിയ്ക്ക് സമീപം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നിയമിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതില്‍ സര്‍ക്കാര്‍ അഭിപ്രായം അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ആസ്പിറേഷനല്‍ ജില്ലകള്‍ക്കായുള്ള ആരോഗ്യ പദ്ധതിയില്‍പെടുത്തി മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തണമെന്നു നേരത്തെ ശുപാര്‍ശയുണ്ടായിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിയോടു ചേര്‍ന്ന് എത്രയും വേഗം മെഡിക്കല്‍ കോളജ് ആരംഭിക്കണമെന്നു കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു.
സ്വന്തമായി 8.74 ഏക്കര്‍ ഭൂമിയും 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും മാനന്തവാടി ജില്ലാ ആശുപത്രിക്കുണ്ട്. മള്‍ട്ടിപര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നല്ലൂര്‍നാട് ഗവ. കാന്‍സര്‍ സെന്റര്‍, സിഎച്ച്‌സി എന്നിവയും സമീപത്തായി സ്ഥിതി ചെയ്യുന്നു. മെഡിക്കല്‍ കോളജ് വികസനത്തിന് ബോയ്‌സ് ടൗണിലെ ഭൂമിക്കു പുറമേ അമ്പുകുത്തിയില്‍ വനംവകുപ്പിന്റെ കയ്യിലുള്ള ഭൂമിയും ഉപയോഗപ്പെടുത്താനാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക