| Friday, 6th November 2020, 12:22 pm

വെടിവെച്ച് കൊന്ന് നക്‌സലിസം ഇല്ലാതാക്കാനാവില്ല: വയനാട്ടിലേത് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ സംഭവമെന്ന് കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട്ടില്‍ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ നടന്നത് ഏറ്റുമുട്ടലല്ല, ഏകപക്ഷീയമായ സംഭവമാണെന്ന് കാനം പറഞ്ഞു.

വയനാട് വെടിവെപ്പില്‍ പൊലീസിന് പരിക്കേറ്റിട്ടില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ വനങ്ങളിലെ നക്‌സല്‍ വേട്ട വേണ്ടെന്ന് വെക്കണം. വെടിവെച്ച് കൊന്ന് നക്‌സലിസം ഇല്ലാതാക്കാനാവില്ല. ഈ ചിന്ത പൊലീസിനാണുള്ളത്, സര്‍ക്കാര്‍ പുനപരിശോധിക്കണം’, കാനം പറഞ്ഞു.

അതേസമയം പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ശരീരത്തില്‍ നാല്‍പതോളം മുറിവുകളുള്ളതായും കണ്ടെത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുള്ളത്. നെഞ്ചിലും വയറിലുമായാണ് നാല്‍പതിലേറെ മുറിവുകള്‍ കണ്ടെത്തിയത്. പരിക്കുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായതാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

നവംബര്‍ മൂന്നിനാണ് വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. ഒന്‍പത് മണിയോടെയാണ് വെടിവെപ്പുണ്ടായതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്നുമാണ് പൊലീസ് വാദം.

അതേസമയം രാവിലെ ഏഴുമണിക്ക് തന്നെ വെടിയൊച്ചകള്‍ കേട്ടിരുന്നതായി ഏറ്റുമുട്ടലുണ്ടായ പ്രദേശത്തിന് സമീപത്ത് താമസിക്കുന്ന ആദിവാസികള്‍ പറഞ്ഞു. തുടരെയുള്ള വെടിയൊച്ചകള്‍ കേട്ടിരുന്നതായും അവര്‍ അറിയിച്ചു.

മാനന്തവാടി എസ്.ഐ ബിജു ആന്റണിയ്ക്കും തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ക്കും നേരെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിര്‍ത്തതെന്നുമാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.

മാവോയിസ്റ്റുകള്‍ ഇവിടെ ക്യാംപ് ചെയ്തിരുന്നില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങുമ്പോള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ മുന്നില്‍പെടുകയായിരുന്നുവെന്നും ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി വിശദീകരിച്ചു.

മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. വനം വകുപ്പ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കാന്‍ പദ്ധതിയിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും പൊലീസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Wayanad Maoist Murder Kanam Rajendran

We use cookies to give you the best possible experience. Learn more