| Monday, 28th November 2022, 8:29 pm

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഗംഭീര തുടക്കവുമായി വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; പ്രമുഖര്‍ അണിനിരന്ന് ഉദ്ഘാടനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡിസംബര്‍ അവസാന വാരം മാനന്തവാടിക്കടുത്തുള്ള ദ്വാരകയില്‍ വെച്ചു നടക്കുന്ന പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (ഡബ്ല്യു.എല്‍.എഫ്) വെബ്‌സൈറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ കവിയുമായ കെ. സച്ചിദാനന്ദന്‍ നിര്‍വഹിച്ചു.

കുരുമുളകിന്റെയും മഞ്ഞിന്റെയും നാടായ വയനാട്ടിലേക്ക് വരുന്ന ഫെസ്റ്റിവലിനെ വയനാട് കാത്തിരുന്ന സാഹിത്യോല്‍സവം എന്നാണ് സച്ചിദാനന്ദന്‍ വിശേഷിപ്പിച്ചത്. ‘വാമൊഴി സാഹിത്യം കൊണ്ട് വളരെ സമ്പന്നമായ, പ്രത്യേകിച്ചും വത്സല ടീച്ചറെ പോലുള്ള ഒരു വലിയ എഴുത്തുകാരിയിലൂടെ ആവിഷ്‌കൃതമായ ജീവിതമുള്ള ഒരു സ്ഥലത്ത് ഒരു നല്ല സാഹിത്യോല്‍സവം ഇതുവരെ ഉണ്ടായിട്ടില്ല എന്നത് സങ്കടകരമാണ്. ആ വിടവാണ് ഡബ്ല്യു.എല്‍.എഫ് നികത്തുന്നത്,’ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തുകൊണ്ട് സച്ചിദാനന്ദന്‍ പറഞ്ഞു.

‘ഉയരത്തില്‍ പറക്കുന്ന കൊക്ക് ഒരു പ്രതീകമാണ്’ ഡബ്ല്യു.എല്‍.എഫ് ലോഗോ പരാമര്‍ശിച്ചുകൊണ്ട് സച്ചിദാനന്ദന്‍ തുടര്‍ന്നു. ‘ഇന്ത്യന്‍ സാഹിത്യത്തിന്റെയും ലോക സാഹിത്യത്തിന്റേയും ആകാശത്തിനു മീതെ നിരന്തരമായി പ്രത്യക്ഷപ്പെടാന്‍ ഡബ്ല്യു.എല്‍.എഫിനു കഴിയും,’ സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഡി.എല്‍.എഫിന്റെ ട്വിറ്റര്‍ പേജിന് ഔദ്യോഗികമായി തുടക്കമിട്ടത് തിരുനെല്ലിയുടെ കഥാകാരി പി.വത്സലയാണ്. ‘ഏറെ പ്രിയപ്പെട്ട നാടാണ് വയനാട്. ആ പ്രദേശം എനിക്ക് സമ്മാനിച്ച ഓര്‍മകളുടെ ഫലമായിരുന്നു ‘നെല്ല്’ എന്ന നോവല്‍. അവിടേക്ക് ഒരു സാഹിത്യോല്‍സവം വരുന്നത് ഏറെ ആഹ്ലാദപ്പെടുത്തുന്നു. എന്റെ മനസ് ഇപ്പോള്‍ ഈ ഫെസ്റ്റിവലിന് പിന്നാലെയാണ്,’ പി. വത്സല പറഞ്ഞു.

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫേസ്ബുക് പേജിന്റ ലോഞ്ചിങ് യുവ സിനിമാ സംവിധായകരില്‍ ശ്രദ്ധേയനും വയനാട്ടുകാരനുമായ മിഥുന്‍ മാനുവല്‍ തോമസാണ് നിര്‍വഹിച്ചത്.

‘ഇത്ര വലിയ രീതിയില്‍ സംഘാടനം നടത്തിയ ഒരു സാഹിത്യോത്സവം വയനാട് ഇതുവരെ കണ്ടിട്ടില്ല. സാഹിത്യ ഭൂപടത്തിലും ചരിത്രത്തിലും വയനാടിനെ അയാളപ്പെടുത്തുന്ന, നാഴികക്കല്ലായി മാറുന്ന ഒരു ഫെസ്റ്റിവലായി ഡബ്ല്യു.എല്‍.എഫ് മാറുമെന്നാണ് എന്റെ പ്രതീക്ഷ. വള്ളിയൂര്‍ക്കാവുത്സവം പോലെ വയനാട്ടുകാരും ജനങ്ങളും ഏറ്റെടുക്കുന്ന ഒരു ഉത്സവമായി മാറട്ടെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍,’ സ്വന്തം നാട്ടില്‍ സാഹിത്യോല്‍സവമെത്തുന്നതിനെ ആവേശപൂര്‍വം സ്വാഗതം ചെയ്തു കൊണ്ട് മിഥുന്‍ മാനുവല്‍ പറഞ്ഞു.

ഡബ്യു.എ.ല്‍.എഫിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ കെ.ആര്‍. മീര നിര്‍വഹിച്ചു. ‘ചരിത്രത്തില്‍ ആദ്യമായി വയനാട് ഒരു വലിയ സാഹിത്യോത്സവത്തിന് വേദിയാവുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകത വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുണ്ട്. ഡബ്യു.എല്‍.എഫിന്റെ ആദ്യ സീസണിന് എല്ലാ വിധ ആശംസകളും,’ മീരയുടെ വാക്കുകള്‍.

‘വയനാടിന്റെ നീണ്ട കാലത്തെ ആഗ്രഹമാണ് ഡബ്ല്യു.എല്‍. എഫ് സാധ്യമാക്കുന്നത്. വയനാട്ടിനകത്തും പുറത്തുമുള്ള സാഹിത്യ പ്രണയികളെ ഹൃദയം കൊണ്ട് ചേര്‍ത്തു വെക്കുന്ന പാലമാണ് ഡബ്യു.എ.ല്‍. എഫ്,’ ഫെസ്റ്റിവല്‍ ഡയറക്ടറും കാരവാന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഡോ. വിനോദ് കെ. ജോസ് പറയുന്നു.

കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ ഭൂപടത്തിലേക്ക് പുതിയൊരു അധ്യായമെഴുതി ചേര്‍ത്തു കൊണ്ടാണ് പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 29, 30 തീയതികളില്‍ മാനന്തവാടിക്കടുത്തുള്ള ദ്വാരകയില്‍ വെച്ച് നടക്കുന്നത്. ലോക സാഹിത്യവും ഇന്ത്യന്‍ സാഹിത്യവും മലയാള ഭാഷയുമെല്ലാം സംവാദ വിഷയമാകുന്ന രണ്ടു ദിനങ്ങള്‍ക്കാണ് വയനാട് സാക്ഷ്യം വഹിക്കുക.

ലോക പ്രശസ്ത എഴുത്തുകാരിയായ അരുന്ധതി റോയ്, സഞ്ജയ് കാക്, സച്ചിദാനന്ദന്‍, സക്കറിയ, ഒ.കെ. ജോണി, സുനില്‍ പി. ഇളയിടം, സണ്ണി കപിക്കാട്, പി.കെ. പാറക്കടവ്, കെ.ജെ. ബേബി, കല്‍പ്പറ്റ നാരായണന്‍, റഫീക്ക് അഹമ്മദ്, മധുപാല്‍, അബു സലിം, ജോസി ജോസഫ്, എസ്. സിതാര, ദേവ പ്രകാശ്, ഷീല ടോമി, ജോയി വാഴയില്‍, ധന്യ രാജേന്ദ്രന്‍, സുകുമാരന്‍ ചാലിഗദ്ദ, അബിന്‍ ജോസഫ്, ലീന ഒളപ്പമണ്ണ, നവാസ് മന്നന്‍ എന്നിവര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.

നാടകം, സംവാദങ്ങള്‍, കഥയരങ്ങ്, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, കവിയരങ്ങ്, ഗ്രാമീണ കലാരൂപങ്ങള്‍, സാഹിത്യ കഥാപാത്രങ്ങളുടെ വിസ്മയത്തെരുവ്, ശില്‍പശാലകള്‍, ചിത്രവേദികള്‍, സ്റ്റുഡന്റ് ബിനാലെ, പുസ്തകത്തെരുവ്, സംഗീതം, മാജിക്, ഹെറിറ്റേജ് വാക്ക് എന്നിവ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും.

പ്രമുഖ പത്രപ്രവര്‍ത്തകനായ ഡോ. വിനോദ് കെ. ജോസാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരായ വി.എച്ച്. നിഷാദ്, ഡോ. ജോസഫ് കെ. ജോബ് എന്നിവര്‍ ഡബ്ല്യു.എല്‍.എഫിന്റെ ക്യുറേറ്റര്‍മാരാണ്.

Content Highlight: Wayanad Literature Film Festival online platforms’ inauguration

We use cookies to give you the best possible experience. Learn more