| Tuesday, 8th November 2022, 6:54 pm

വിനോദ് കെ. ജോസ് ഡയറക്ടറായി വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കേരളത്തിലെ സാഹിത്യോത്സവങ്ങളുടെ പട്ടികയിലേക്ക് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് കൂടി വരുന്നു. പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് (ഡബ്ല്യു.എല്‍.എഫ്) ഡിസംബര്‍ 29, 30 തീയതികളില്‍ മാനന്തവാടിക്കടുത്തുള്ള ദ്വാരകയില്‍ വെച്ച് നടക്കും. കാരവന്‍ മാഗസിന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വിനോദ് കെ. ജോസാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

ലോക സാഹിത്യം, ഇന്ത്യന്‍ സാഹിത്യം, മലയാള സാഹിത്യം എന്നിവ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും രണ്ട് ദിവസങ്ങളിലായി നടക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് സാക്ഷ്യം വഹിക്കും.

സംവാദങ്ങള്‍, കഥയരങ്ങ്, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, കവിയരങ്ങ്, ഗ്രാമീണ കലാരൂപങ്ങള്‍, സാഹിത്യ കഥാപാത്രങ്ങളുടെ വിസ്മയത്തെരുവ്, ശില്‍പശാലകള്‍, ചിത്രവേദികള്‍, സ്റ്റുഡന്റ് ബിനാലെ, പുസ്തകത്തെരുവ്, സംഗീതം, മാജിക്, ഹെറിറ്റേജ് വാക്ക് എന്നിവ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷകണങ്ങളായിരിക്കും.

കലാ-സാംസ്‌കാരിക-സാഹിത്യരംഗത്തെ പ്രമുഖരായ അരുന്ധതി റോയ്, സഞ്ജയ് കാക്, സച്ചിദാനന്ദന്‍, സക്കറിയ, ഒ.കെ. ജോണി, സുനില്‍ പി. ഇളയിടം, സണ്ണി കപിക്കാട്, പി.കെ. പാറക്കടവ്, കെ.ജെ. ബേബി, കല്‍പ്പറ്റ നാരായണന്‍, റഫീക്ക് അഹമ്മദ്, മധുപാല്‍, അബു സലിം, ജോസി ജോസഫ്, ദേവ പ്രകാശ്, ഷീലാ ടോമി, ജോയ് വാഴയില്‍, സുകുമാരന്‍ ചാലിഗദ്ദ, ലീന ഒളപ്പമണ്ണ, നവാസ് മന്നന്‍, എസ്. സിത്താര, അബിന്‍ ജോസഫ്‌ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

ഡബ്യു.എല്‍.എഫ് ക്യുറേറ്റര്‍മാരായ ഡോ. ജോസഫ് കെ. ജോബ്, വി.എച്ച്. നിഷാദ്, ബാബു ഫിലിപ്പ് കുടക്കച്ചിറ എന്നിവര്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

Content Highlight: Wayanad Literature Festival; Vinod K. Jose as Festival Director

We use cookies to give you the best possible experience. Learn more