| Wednesday, 31st July 2024, 8:19 am

കൂടുതൽ നിയന്ത്രണങ്ങൾ; വയനാട്ടിൽ എത്തുന്നവർ ജില്ലയിലെ താമസക്കാരാണെന്ന് തെളിയിക്കുന്ന ഐ.ഡി കാർഡ് കരുതണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം രണ്ടാം ദിവസത്തിലേക്ക് കടന്നു. ദൽഹിയിൽ നിന്നുള്ള സൈന്യം വയനാട്ടിൽ എത്തികൊണ്ടാണ് രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുന്നത്. 200 ആളുകളെ കാണാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണം ഇതിനോടകം തന്നെ 140 കടന്നിരിക്കുകയാണ്.

സൈന്യവും ഫയർ ഫോഴ്സും ചേർന്ന് നിർമിക്കുന്ന താത്കാലിക പാലത്തിലൂടെയായിരിക്കും രക്ഷാപ്രവർത്തനം നടക്കുക. കുടുങ്ങികിടക്കുന്ന ആളുകളെ പുറത്തെത്തിക്കുക എന്നുള്ളതാണ് ഇന്നത്തെ പ്രധാന ലക്ഷ്യം. നിലമ്പൂരിലെ ചാലിയാറിലും മുണ്ടേരിയിലും തെരച്ചിൽ ആരംഭിച്ചു.

ഇപ്പോൾ വയനാട്ടിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. വയനാട്ടിലേക്ക് വരുന്നവർ ജില്ലയിലെ താമസക്കാരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കരുതണം. താമരശ്ശേരി ചുരം രണ്ടാം വളവിൽ വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല. ദുരന്തസ്ഥലം കാണാനെത്തുന്ന ആളുകളുടെ തിരക്ക് വർധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ പുലർച്ചെയാണ് വയനാട്ടിലെ മുണ്ടകൈ-ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. രാത്രി ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ഉരുൾപൊട്ടൽ ഉണ്ടായത്. വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടിലാണ്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും അലേര്‍ട്ടുമാണ്.

Content Highlight: Wayanad landslides, More Restrictions Were Imposed in Wayanad

We use cookies to give you the best possible experience. Learn more