ന്യൂദല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാകേത് ഗോഖലെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് കൊടുക്കണമെന്നല്ല ആവശ്യപ്പെടുന്നതെന്നും കേന്ദ്രത്തിന്റെ കയ്യിലുള്ളത് ജനങ്ങള്‍ നികുതി നല്‍കുന്ന പണമാണെന്നും രാഷ്ട്രീയം മാറ്റിവെച്ച് കേരളത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും സാകേത് ഗോഖലെ കത്തില്‍ ആവശ്യപ്പെട്ടു.
‘ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനമാണ്. അല്ലാതെ മോദിയുടെ പോക്കറ്റില്‍ നിന്ന് എടുത്ത് കൊടുക്കാനല്ല പറയുന്നത്. കേരളവും ബംഗാളും ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇന്ത്യക്കാര്‍ അടക്കുന്ന നികുതിയില്‍ നിന്നാണ് ആ വരുമാനം വരുന്നത്.
ജനങ്ങളുടെ പണം അവരുടെ ക്ഷേമത്തിനായി വിനിയോഗിക്കണം, പ്രത്യേകിച്ച് ഒരു ദുരന്തം വരുമ്പോള്‍. കേന്ദ്രസര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം ഉപേക്ഷിച്ച് കേരളത്തിലെയും പശ്ചിമ ബംഗാളിലെയും പ്രളയത്തിനും ദുരന്തനിവാരണത്തിനും വേണ്ടത് ബജറ്റില്‍ നീക്കിവെക്കണം. എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്,’ സാകേത് ഗോഖലെ പറഞ്ഞു.
മാധ്യമങ്ങളില്‍ കാണുന്നതിലും വലുതാണ് വയനാട്ടിലെ ദുരന്തത്തിന്റെ വ്യാപ്തിയെന്നും പുനരധിവാസം വലിയ വെല്ലുവിളിയാണെന്നും കത്തില്‍ അദ്ദേഹം പറഞ്ഞു.
‘ബംഗാളിനെ വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചു. ബംഗാളിലും ജനങ്ങളെ പുനരധിവസിപ്പിക്കണം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ ഫണ്ടുകള്‍ തടഞ്ഞു വെക്കുന്നത് ലജ്ജാകരമാണ്.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ തങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുകയും ദുരന്തത്തിന് ഇരകളായവര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുകയും ചെയ്തു,’ അദ്ദേഹം കത്തില്‍ പറയുന്നു.
നിരവധിയാളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആളുകള്‍ക്ക് കുടുംബം ഒന്നടങ്കം നഷ്ടപ്പെട്ടു. വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൂറുകണക്കിന് പേരാണ് അവിടെയുള്ളത്. വയനാട്ടുകാരുടെ പുനരധിവാസത്തിനായി കേരളത്തിലെ ഭരണസംവിധാനം വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്.
ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന 500 ലധികം ആളുകളുടെ പുനരധിവാസമാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിങ്ങള്‍ ടി.വിയില്‍ കാണുന്ന ദൃശ്യങ്ങള്‍ മാത്രമല്ല. ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി അതിനേക്കാള്‍ എത്രയോ വലുതാണ്.
സമാനമായ സ്ഥിതിയാണ് പശ്ചിമ ബംഗാളിലും. അവിടെ നിരവധി ആളുകള്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ടുപോയിട്ടുണ്ട്. അവരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. കേരളത്തിലും പശ്ചിമബംഗാളിലുമുള്ള പാര്‍ട്ടികള്‍ ബി.ജെ.പിയെ തള്ളിപ്പറയുന്നതുകൊണ്ട് മോദി സര്‍ക്കാര്‍ അവര്‍ക്ക് ദുരിതാശ്വാസ ഫണ്ടുകള്‍ അനുവദിക്കുന്നില്ല. ഇത് ലജ്ജാവഹമാണ്, അദ്ദേഹം കത്തില്‍ പറഞ്ഞു.
Content Highlight: Wayanad Landslide Union Govt revenues don’t come from Modi’s pocket, Tmc Mp’s letter to Nirmala Sitaraman