മേപ്പാടി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഡീഷയില്‍ നിന്നെത്തിയ വിദേശസഞ്ചാരികളില്‍ രണ്ട് ആളുകളെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്തി. ഡോക്ടര്‍ പ്രിയദര്‍ശിനി, സുഹൃതി എന്നിവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉരുള്‍പൊട്ടലില്‍ ചില വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് ടി. സിദ്ധിഖ് നേരത്തെ സൂചന നല്‍കിയിരുന്നു. വയനാട്ടില്‍ കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ ലിഫ്റ്റിങ് നടപടികള്‍ സ്വീകരിക്കുമെന്ന് ടി. സിദ്ധിഖ് പറഞ്ഞിരുന്നു.
നിലവില്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയിലും ഫയര്‍ ഫോഴ്സും പൊലീസും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. ഉരുള്‍പൊട്ടലിലെ മരണസംഖ്യ നിലവില്‍ 80 കവിഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് വയനാട്ടിലെ മുണ്ടകൈ-ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു നാടിനെ നടുക്കിക്കൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് വയനാട്ടിലെത്തും. വനംവകുപ്പിന്റെ ഡ്രോണ്‍ സൗകര്യങ്ങളും തെരച്ചലിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. സൈന്യത്തിന്റെ 200 അംഗങ്ങള്‍ മേപ്പാടിയിലെത്തിയിട്ടുണ്ട്. 330 അടി ഉയരമുളള താത്കാലിക പാലം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറക്കും.
Content Highlight: Wayanad Landslide, Two Tourists From Odisha Have Missing