| Sunday, 11th August 2024, 7:56 am

വയനാട് ഉരുള്‍പൊട്ടല്‍; കുഞ്ഞുമനസുകളിലെ മുറിവുണക്കാന്‍ ഡോ. കഫീല്‍ ഖാനെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നഷ്ടങ്ങള്‍ സംഭവിച്ച കുഞ്ഞുങ്ങള്‍ക്ക് ‘സനേഹ ചികിത്സ’ നല്‍കാന്‍ ഡോ. കഫീല്‍ ഖാനെത്തും. ദുരന്തം കുട്ടികളുടെ മനസ്സിലുണ്ടാക്കിയ മുറിവുണക്കാന്‍ സ്‌നേഹ ചികിത്സ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനായി എത്ര ദിവസം വേണമെങ്കിലും വയനാട്ടില്‍ തുടരാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

വയനാട്ടിലെത്തി ദുരന്തബാധിതര്‍ക്കിടയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ച് അവിടെ തുടരാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. അതിനായി കേരള സര്‍ക്കാറിന്റെയും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ മനസ്സില്‍ അല്‍പമെങ്കിലും ആശ്വാസമെത്തിക്കാനായാല്‍ അത് തനിക്കും സ്വയം ആശ്വാസം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ സഹായം ചെയ്യേണ്ട സമയത്ത് കേരളത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഖൊരക്പൂരിലെ ബി.ആര്‍.സി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ കൂട്ടത്തോടെ മരണപ്പെട്ട സംഭവം പുറംലോകത്തെത്തിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. സംഭവത്തില്‍ യു.പി. സര്‍ക്കാറിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്വന്തം നിലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ഏതാനും കുട്ടികളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു.

ഇതോടെ അദ്ദേഹം യു.പി. സര്‍ക്കാറിന്റെയും ബി.ജെ.പി നതൃത്വത്തിന്റെയും കണ്ണിലെ കരടാകുകയുമായിരുന്നു. പിന്നീട് സംഭവത്തില്‍ വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ജയിലിടച്ച് പ്രതികാര നടപടികള്‍ക്ക് വിധേയനാക്കുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ് അദ്ദേഹം.

അതേസമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി പ്രദേശത്ത് ഇന്ന് ജനകീയ തിരച്ചില്‍ നടത്തും. കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ഇന്ന് തിരച്ചില്‍ ഊര്‍ജിതമാക്കുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ദുരന്തമേഖല സന്ദര്‍ശിച്ചിരുന്നു. പുനര്‍നിര്‍മാണത്തിനും പുനരദിവാസത്തിനും കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം ദുരന്തത്തെ ദേശീയ ദുരന്തമായോ, തീവ്രതയേറിയ ദുരന്തമായോ പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല.

content highlights: Wayanad Landslide; To heal the wounds in children’s minds, Dr. Kafeel Khan will also

We use cookies to give you the best possible experience. Learn more