| Monday, 5th August 2024, 11:57 am

വയനാട് ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ല: റവന്യൂ മന്ത്രി കെ. രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ ദീര്‍ഘകാലം ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും കൂട്ടിച്ചേര്‍ത്ത് മേപ്പാടിയില്‍ ഒരു പൊതു അദാലത്ത് സംഘടിപ്പിക്കുമെന്നും അതുവഴി രേഖകള്‍ ലഭിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഞാന്‍ ബഹുമാനപ്പെട്ട ശശീന്ദ്രന്‍ മിനിസ്റ്റര്‍ ഉള്ള സാഹചര്യത്തില്‍ പറയുകയാണ്, ഒരു വകുപ്പിന്റെയും രേഖകള്‍ അന്വേഷിച്ച് ആര്‍ക്കും ദീര്‍ഘകാലം ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരില്ല.

ഇപ്പോഴുള്ള പ്രശ്‌നം ഒന്ന് തണുക്കട്ട. എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് മേപ്പാടിയില്‍ വെച്ച് തന്നെ ഒരു പൊതു അദാലത്ത് നടത്തി ഏത് വകുപ്പിന്റെ രേഖയാണോ നഷ്ടപ്പെട്ടത് അത് കൊടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാം. പുത്തുമലയില്‍ നേരത്തെ നമ്മള്‍ ഇത് ചെയ്തതാണ്,’ അദ്ദേഹം പറഞ്ഞു.

തിരിച്ചറിയാന്‍ സാധിക്കാത്ത ശരീരങ്ങളുടെ സംസ്‌കാരത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

‘കൃത്യമായ ധാരണയോടുകൂടി തന്നെ ഇന്നലെ വൈകുന്നേരും തീരുമാനിച്ച് പുതിയ ആശയങ്ങള്‍ കൂടി വെച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം രാവിലെ തന്നെ ആരംഭിച്ചിരിക്കുകയാണ്. ഞങ്ങള്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഇവിടെയുണ്ട്.

നിലവില്‍ ഏറ്റവും സങ്കടകരവും അടിയന്തരവുമായി പരിഹരിക്കേണ്ടതുമായ പ്രശ്‌നം തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാരമാണ്. നേരത്തെ കല്‍പറ്റയില്‍ ഇത്തരത്തില്‍ അഞ്ച് ശരീരങ്ങള്‍ മറവ് ചെയ്തിരുന്നു. ഇന്നലെ എട്ട് ശരീരങ്ങള്‍ സംസ്‌കരിച്ചു.

ഇന്ന് മൃതദേഹം സംസ്‌കരിക്കാനായി ഒരുക്കിയിട്ടുള്ള സ്ഥലത്ത് 158 ശരിരഭാഗങ്ങള്‍ക്കും 31 ശരീരങ്ങള്‍ക്കുമായി 189കുഴികള്‍ അധികമായി എടുത്ത് മൂന്ന് മണിയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കണെന്നാണ് കരുതുന്നത്.

തിരിച്ചറിയാന്‍ സാധിക്കാതെ പോയ 31 ശരീരങ്ങള്‍ ആദ്യം സംസ്‌കരിക്കും. ശേഷം ഓരോ ശരീഭാഗവും പ്രത്യേക പെട്ടികളിലാക്കി ഓരോന്നിനും പ്രത്യേകം കുഴിയെടുത്താണ് സംസ്‌കരിക്കുന്നത്. ഡി.എന്‍.എ ടെസ്റ്റുമായി ബന്ധപ്പെട്ട കോഡ് നമ്പര്‍ ശരീര ഭാഗങ്ങളിലും പെട്ടിക്ക് പുറത്തും ഒപ്പം സംസ്‌കരിക്കുന്ന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന പോസ്റ്റിലും കൃത്യമായി രേഖപ്പെടുത്തും.

നിലവില്‍ തിരിച്ചറിയാത്ത മൃതശരീരം ബന്ധുക്കളോ മറ്റാരെങ്കിലുമോ വന്നാല്‍ അവര്‍ക്ക് വിട്ടുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

കാണാതായവരുടെ എണ്ണം 216 എന്നത് 180 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ചിലപ്പോള്‍ ഈ സംഖ്യകളില്‍ ചെറിയ വ്യത്യാസമുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേഷന്‍ കാര്‍ഡ് മുതല്‍ ഹരിത കര്‍മ സേനയുടെ ലിസ്റ്റ് വരെ ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Content highlight: Wayanad Landslide: Those who lost their documents in the Wayanad landslides will not have to go to the offices: Revenue Minister K. Rajan

We use cookies to give you the best possible experience. Learn more