| Tuesday, 31st December 2024, 9:54 am

മുണ്ടക്കൈ ഉരുൾപൊട്ടൽ; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം വൈകിയെന്ന് റവന്യൂ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ വൈകിയെന്ന് റവന്യൂ മന്ത്രി കെ. രാജൻ.

സംസ്ഥാനം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ദുരന്തം 154 ദിവസം പിന്നിട്ട ശേഷമാണ് കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. എന്നാൽ ദുരന്തമുണ്ടായി 10 ദിവസത്തിനുള്ളിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യത്തിൽ ഒന്നാണ് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനുള്ള തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ കടങ്ങൾ കേരള ബാങ്ക് എഴുതിത്തള്ളിയ ശേഷമാണ് 219 കോടിയുടെ അടിയന്തര സഹായം സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും കെ. രാജൻ ചൂണ്ടിക്കാട്ടി. 1202 കോടിയുടെ പ്രാഥമിക സഹായവും കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന് ആദ്യഘട്ടത്തിൽ കൈമാറിയ മെമ്മോറാണ്ടത്തിൽ സൂചിപ്പിച്ചിരുന്നത് ദുരന്തത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ചാണ്. എന്നാൽ രണ്ടാമത് നൽകിയ മെമ്മോറാണ്ടത്തിൽ 2221 കോടിയുടെ പുനർനിർമാണ പദ്ധതിയെ കുറിച്ച് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിതീവ്ര ദുരന്ത പ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം കത്തിലൂടെ യാണ് സംസ്ഥാനത്തെ അറിയിച്ചത്.

കേന്ദ്രത്തിന്റെ വാദം അനുസരിച്ച് ഇതിനോടകം തന്നെ എസ്.ഡി.ആര്‍.എഫിലേക്ക് മതിയായ തുക അനുവദിച്ചുവെന്നാണ് പറയുന്നത്. ജൂലൈ 30നായിരുന്നു വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ദുരന്തമുണ്ടായത്. 200ലധികം ആളുകളായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടത്. ദുരന്തത്തില്‍ അകപ്പെട്ട ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ് വിമര്‍ശനം ഉന്നയിച്ചു.

ഔദ്യോഗിക ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ദുരന്തബാധിതര്‍ക്ക് വീടുകള്‍ വെച്ച് നല്‍കാമെന്ന് അറിയിച്ച ഏതാനും സ്പോണ്‍സര്‍മാര്‍ തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നാണ് എം.എല്‍.എ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: wayanad landslide; The Revenue Minister said that the Center was late in declaring it as an extreme disaster

We use cookies to give you the best possible experience. Learn more