വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തത്തിനിരയായ കുഞ്ഞുങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം സുരക്ഷിതര്‍, ദത്തുനല്‍കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
Kerala News
വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തത്തിനിരയായ കുഞ്ഞുങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പം സുരക്ഷിതര്‍, ദത്തുനല്‍കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2024, 7:47 am

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായ കുഞ്ഞുങ്ങളില്‍ ആരെയും ദത്ത് നല്‍കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കുട്ടികളെല്ലാം ബന്ധുക്കള്‍ക്കൊപ്പം സുരക്ഷിതരാണെന്നും മന്ത്രി അറിയിച്ചു. ദുരന്തമുണ്ടായത് മുതല്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നിരവധി പേരാണ് ദുരന്തത്തിനിരയായ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുമടെ വിശദീകരണം.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് കുട്ടികളാണ് ഇപ്പോള്‍ ഉള്ളത്. ഇവര്‍ എല്ലാവരും നിലവില്‍ അച്ഛന്റെയോ അമ്മയുടെയോ അടുത്ത ബന്ധുക്കള്‍ക്കൊപ്പമാണ് ഉള്ളത്. ഈ കുട്ടികളെ സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ബന്ധുക്കള്‍ സമ്മതമറിയിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ല ശിശുക്ഷേമ സമിതി ബന്ധുക്കളെ കണ്ട് ഇക്കാര്യം ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ജില്ല ശിശുക്ഷേമ സിമിതി കൗണ്‍സില്‍ സെക്രട്ടറി കെ. രാജന്‍ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തില്‍ കുട്ടികളെ സംരക്ഷിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ടറിയിച്ചാല്‍ ശിശുക്ഷേമ സമിതി കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം. പറഞ്ഞു.

ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് കുട്ടികളാണ് ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്നത്. ഇവരില്‍ ഒരാള്‍ക്ക് അഞ്ച് വയസ് മാത്രമാണ് പ്രായം. മറ്റുള്ളവര്‍ക്ക് യഥാക്രമം 8, 14,15, 16, 18 എന്നിങ്ങനെയാണ് പ്രായം. ദുരന്തത്തില്‍ 17 കുട്ടികളെയാണ് കാണാതായിട്ടുള്ളത് എന്നാണ് റവന്യൂവകുപ്പ് പുറത്ത് വിട്ട കണക്കുകളിലുള്ളത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് സന്ദര്‍ശിക്കുന്നുണ്ട്. രാവിലെ 11 മണിയോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും.

പിന്നാലെ ദുരന്തബാധിതര്‍ കഴിയുന്ന ക്യാമ്പുകള്‍, പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രികള്‍ എന്നിവടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ശേഷം കല്‍പറ്റയിലെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ വരവോടെ കൂടുതല്‍ സഹായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിയും പ്രധാനമന്ത്രിയെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights:  Wayanad Landslide; The health minister said that the children affected by the disaster are safe with their relatives and there is no need for adoption