കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ചികിത്സയിലുള്ളവരുടെയുമെല്ലാം ഒദ്യോഗിക കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. ഓദ്യോഗിക കണക്കുകള്‍ പ്രകാരം 210 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ അനൗദ്യോഗിക കണക്കുകളില്‍ 344 പേരാണ് മരണപ്പെട്ടിട്ടുള്ളത.്
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ സ്ഥിരീകരിച്ച മരണങ്ങളില്‍ 96 പുരഷന്‍മാരും 85 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടും. 147 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 139 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ 207 മൃതദേഹങ്ങളുടെയും 136 ശരീരഭാഗങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
62 മൃതദേഹങ്ങള്‍ ജില്ല ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. 28 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. 87 ശരീരഭാഗങ്ങള്‍ ജില്ല ഭരണകൂടത്തിന് കൈമാറിയപ്പോള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത് 119 ശരീരഭാഗങ്ങളാണ്. 491 പേരെയാണ് ദുരന്തമുഖത്ത് നിന്ന് പരിക്കേറ്റ് ആശുപത്രികളിലേക്ക് എത്തിച്ചിട്ടുള്ളത്. ഇവരില്‍ 81 വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്. 198 പേര്‍ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജായിട്ടുണ്ട്. റവന്യൂ മന്ത്രി കെ. രാജനാണ് കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം അനൗദ്യോഗിക കണക്കുകള്‍ പ്രകാരം വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 344 പേരാണ് ഇതുവരെ മരണപ്പെട്ടത്. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് 14 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.
മുണ്ടക്കൈയില്‍ തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് തെര്‍മല്‍ റഡാറില്‍ ലഭിച്ച സിഗ്നല്‍ പ്രകാരം മുണ്ടക്കൈയില്‍ ജീവന്റെ അവശേഷിപ്പ് തേടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും സിഗ്നല്‍ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചത്.
ഇന്ന് വൈകീട്ടോടെയാണ് മുണ്ടക്കൈ ടോപിലെ ഒരു കെട്ടിടത്തിന് സമീപത്ത് നിന്നും തെര്‍മല്‍ റഡാറില്‍ ജീവന്റെ തുടിപ്പുകള്‍ സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ആദ്യം തിരച്ചില്‍ ആരംഭിച്ചെങ്കിലും വൈകീട്ടോടെ ദൗത്യ സംഘം തിരികെ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ജില്ല ഭരണകൂടവും മുഖ്യമന്ത്രിയും ഇടപെട്ടതോടെ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
റഡാറില്‍ ലഭിച്ചത് ശ്വാസമെടുക്കുന്നതിന്റെ സൂചനകളാണെന്നതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നിര്‍ത്തണമെന്ന് തീരുമാനിച്ച തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചത്. പിന്നീട് ഈ പ്രദേശം കേന്ദ്രീകരിച്ച് വലിയ സന്നാഹങ്ങളോടെയുള്ള തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.
സിഗ്നല്‍ ലഭിച്ച പ്രദേശം മാത്രം കേന്ദ്രീകരിച്ചാണ് ഊര്‍ജിത തിരച്ചില്‍ നടന്നത്. പ്രദേശത്ത് കുടൂതല്‍ വെളിച്ചവും സജ്ജീകരിച്ചിരുന്നത്. സിഗ്നല്‍ ലഭിച്ച പ്രദേശത്തിനടുത്ത് നിന്നും ആളുകളെ പരമാവധി മാറ്റിയാണ് തിരച്ചില്‍ നടത്തിയത്. യന്ത്രങ്ങളും പരമാവധി മാറ്റിയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പരിമിതികളും പ്രതിസന്ധികളും മുന്‍കൂട്ടികണ്ടാണ് മനുഷ്യ സഹായത്തോടെ തിരച്ചില്‍ പുനരാരംഭിച്ചത്.
ആവശ്യമെങ്കില്‍ കെട്ടിടം പൊളിച്ചും തിരച്ചില്‍ തുടരാനും തീരുമാനമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ജെ.സി.ബി ഉള്‍പ്പടെയുള്ളവ ഉപയോഗിക്കുന്നത് കെട്ടിടം പൊളിഞ്ഞുവീണ് കൂടുതല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വേഗതക്കായി ജെ.സി.ബികള്‍ കൂടി ഉപയോഗിച്ചുള്ള തിരച്ചിലുകളാണ് അവസാന ഘട്ടത്തില്‍ നടന്നത്.
CONTENT HIGHLIGHTS: Wayanad Landslide; The government has released the official figures of the dead and those under treatment