വയനാട് ദുരന്തം; കേന്ദ്രത്തിന് കണക്കുകള്‍ സമര്‍പ്പിച്ചില്ലെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി
Kerala News
വയനാട് ദുരന്തം; കേന്ദ്രത്തിന് കണക്കുകള്‍ സമര്‍പ്പിച്ചില്ലെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2024, 5:44 pm

കോഴിക്കോട്: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കാത്തതിനാലാണ് സംസ്ഥാനത്തിന് ആവശ്യമായ ധനസഹായം ലഭിക്കാത്തതെന്ന കേന്ദ്രവാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത സഹായം നല്‍കുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്രം ചെയ്തത്.

കേന്ദ്രം പ്രത്യേക സഹായമായി ഒരു രൂപ പേലും നല്‍കിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി ദുരന്തസമയത്ത് കേരളം സന്ദര്‍ശിച്ചപ്പോള്‍ തന്നെ കേരളത്തിന്റെ ആവശ്യം ബോധിപ്പിച്ചതാണെന്നും അവകാശപ്പെട്ടു. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ തന്നെ ഇനം തിരിച്ച് വിശദമായ മെമ്മോറാണ്ടം നല്‍കിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ്‌ 100 ദിവസം കഴിഞ്ഞിട്ടും പ്രത്യേക സഹായം കിട്ടിയിട്ടില്ല.

കേരളത്തിന്റെ അത്രപോലും വ്യാപ്തിയില്ലാത്ത ദുരന്തങ്ങള്‍ സമ്മാനിച്ച് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കിയെന്നും എന്നാല്‍ കേരളത്തെ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതാദ്യമായല്ല പാര്‍ലമെന്റിനേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരന്തസമയത്തും ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പിന്റെ കാര്യം പറഞ്ഞ്‌ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന കാര്യം അന്ന് തന്നെ വ്യക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തസമയത്ത് നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പി.ഡി.എന്‍.എ പ്രകാരവും കേരളം ആവശ്യം ഉന്നയിക്കുകയുണ്ടായി. കാരണം പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് പി.ഡി.എന്‍.എ സഹായത്തിനു ഉള്ള ഔദ്യോഗിക രേഖ ആയി കണക്കാക്കിയിരുന്നില്ല.

ദുരന്തബാധിതരായ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ സമയമെടുത്താണ് കേരളം മെമ്മോറാണ്ടം തയ്യാറാക്കിയത്. 583പേജുള്ള പഠന റിപ്പോര്‍ട്ട് ആണ് കേരളം നല്‍കിയത്. അതിനാല്‍ തന്നെ പി.ഡി.എന്‍.എ തയ്യാറാക്കാന്‍ വൈകിയെന്ന് കേന്ദ്ര വാദം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്നു മാസം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരന്തം ഉണ്ടായ മറ്റ് സസ്ഥാനങ്ങളായ ത്രിപുരയും ആന്ധ്രയും തെലങ്കാനയുമെല്ലാം മൂന്ന് മാസമാണ് പി.ഡി.എന്‍.എ തയ്യാറാക്കാന്‍ എടുത്തത്. എന്നാല്‍ ആ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കി. കേരളത്തിനോട് അവഗണനയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടം പോലെ സഹായം നല്‍കുകയും ചെയ്തു.

കേരളം പ്രധാനമായും മൂന്നു ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നില്‍ വെച്ചത്. അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കണം, കടങ്ങള്‍ എഴുതിത്തള്ളണം, അടിയന്തര സഹായം വേണം. എന്നാല്‍ ഇവ മൂന്നിനും കേന്ദ്രം മറുപടി നല്‍കിയില്ല.സാധാരണ നിലക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് നല്‍കിയത്. അല്ലാതെ പ്രത്യേക ഫണ്ട് ലഭിച്ചില്ല,’ മുഖ്യമന്ത്രി പറയുന്നു.

Content Highlight: Wayanad landslide; The chief minister Pinarayi Vijayan said that the argument that the figures were not submitted to the central Government is wrong