| Wednesday, 31st July 2024, 10:32 am

കണ്ണുതുറന്നപ്പോള്‍ കഴുത്തറ്റം വെള്ളം, എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് മണിക്കൂറുകളോളം ചെളിയില്‍; ജീവിതത്തിലേക്ക് തിരിച്ചെത്തി മൊയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ഒരു ഗ്രാമം തന്നെ ഇല്ലാതായ ദുരന്തത്തിനാണ് കഴിഞ്ഞ ദിവസം വയനാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. 150 ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇനിയും നിരവധി പേര്‍ മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. നിരവധി പേര്‍ക്ക് ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടു.

തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയ നിരവധി പേരാണ് വിവിധ ക്യാമ്പുകളില്‍ ഇപ്പോഴും വിറങ്ങലിച്ചിരിക്കുന്നത്. ദുരന്തമുഖത്തെ നേരിട്ട്, എട്ടുമാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചെടുത്ത മൊയ്തുവിന്റെ വാക്കുകളില്‍ ഇപ്പോഴും ദുരന്തത്തിന്റെ ഭീതി ഒഴിഞ്ഞിട്ടില്ല.

രാത്രി രണ്ട് മണിയോടെ ഉണ്ടായ കനത്ത ഉരുള്‍പൊട്ടലില്‍ വീട് മുഴുവന്‍ വെള്ളത്തിനിടയിലായെന്നും ഏറെ പണിപ്പെട്ട് അടുത്തമുറിയിലേക്ക് വെള്ളത്തിലൂടെ നീന്തിയെത്തി എട്ട് മാസം പ്രായമായ മകളുടെ കുഞ്ഞിനെ രക്ഷപ്പെടുത്തിയെടുത്തെന്നും മൊയ്തു റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

ഒരു ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന് കണ്ണു തുറക്കുമ്പോള്‍ കാണുന്നത് കഴുത്തറ്റം വെള്ളമാണ്. അപ്പോള്‍ മകള്‍ റംസീനയും റംസീനയുടെ എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.

വെള്ളത്തിലൂടെ നീന്തിച്ചെന്ന് കുട്ടിയെ എടുത്തപ്പോഴേക്കും വീടു മുഴുവന്‍ വെള്ളത്തിലായി. പെട്ടെന്ന് റൂമിലെ കട്ടില്‍ വെള്ളത്തില്‍ മുകളിലേക്ക് ഉയര്‍ന്നു. എങ്ങനെയോ അതില്‍ തൂങ്ങിപ്പിടിച്ച് ഒരുവിധം രക്ഷപ്പെട്ടു. ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ വീട്ടില്‍ ഇല്ലായിരുന്നു,’ മൊയ്തു പറയുന്നു.

ഇത്തരത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരും ഇപ്പോഴും ഉറ്റവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കാത്തിരിക്കുന്നവരുമായ നിരവധി പേരാണ് വയനാട്ടില്‍ ഉള്ളത്.

നിലവില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 151 ആയിട്ടുണ്ട്. ദുരന്തത്തില്‍ നിന്നും 481 പേരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്. 187 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

98 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. 151 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുണ്ടക്കൈയില്‍ മാത്രം 400 വീടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 30 വീടുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഇന്ന് രാവിലെ ആറ് മണിക്ക് തന്നെ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ സംവിധാനത്തേയും കോഡിനേറ്റ് ചെയ്തുള്ള ഓപ്പറേഷനാണ് നടക്കുന്നതെന്നും ആളുകളെ എത്രയും പെട്ടെന്ന് പുറത്തേക്ക് കൊണ്ടുവരിക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും റവന്യൂ മന്ത്രി എ.രാജന്‍ പറഞ്ഞു.

ദുരന്തമുഖത്ത് നിന്ന് 484 പേരെ ഇന്നലെ രക്ഷിക്കാന്‍ പറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനം ഏകോപനത്തോടെയാണ് പോകുന്നത്. മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളും തൊട്ടടുത്ത ജില്ലയിലെ ജനങ്ങളുമടക്കം എല്ലാ നിലയിലും ഇടപെടുകയാണ്.

ഞങ്ങളുടെ ജീവന്‍ പോയാലും വേണ്ടില്ല, ഇടപെടാന്‍ തയ്യാറാണ് എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വാക്കുകള്‍കൊണ്ട് വിവരിക്കുന്നതിന് അപ്പുറമാണ് ഇത്. കേരളത്തിന്റേതായ പ്രത്യേകതയാണ് ഇതെന്നും മന്ത്രി പറഞ്ഞു.

Content Highlight: Wayanad Landslide Survivors story

Latest Stories

We use cookies to give you the best possible experience. Learn more