കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ആറാം ദിനമായ ഇന്നും തിരച്ചില്‍ തുടരും. വിവിധ ഫോഴ്‌സുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ 1200ലധികം ആളുകളാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുക. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കയറും മറ്റ് കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മണ്ണിനടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നത്. വിവിധ പോയിന്റുകള്‍ തിരിച്ചാണ് ഇന്നും തിരച്ചില്‍ തുടരുന്നത്.
മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൃത്യമായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുന്നത്. അപകട സാധ്യത ഉള്‍പ്പടെ കണക്കിലെടുത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് തിരച്ചിലിനായി സന്നദ്ധ പ്രവര്‍ത്തകരെ കടത്തിവിടുന്നത്.
ദുരന്തത്തില്‍ ഉള്‍പ്പട്ടവരുടെ ബന്ധുക്കളെ കൂടി ഇന്ന് തിരച്ചില്‍ സംഘങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തകര്‍ന്ന വീടുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്കായിരിക്കും അറിയുക എന്നതിനാലാണ് അവരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ റഡാറുകളും ഇന്ന് തിരച്ചിലിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇതിനായി ദല്‍ഹിയില്‍ നിന്ന് കൂടുതല്‍ റാഡറുകള്‍ വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. ഒരു സേവര്‍ റഡാറും, നാല് റെക്കോ റഡാറുകളുമാണ് ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത്.
ദുരന്തത്തില്‍ അകപ്പെട്ട 206 പേരെയാണ് കണക്കുകള്‍ പ്രകാരം കണ്ടെത്താനുള്ളത്. ചാലിയാറിലും ഇന്ന് തിരച്ചില്‍ നടക്കുന്നുണ്ട്. ചാലിയാറിലെ തിരച്ചിലിന്റെ അവസാന ഘട്ടങ്ങളാണ് ഇന്നും നാളെയും നടക്കുക. ചാലിയാറില്‍ നിന്ന് ഇതുവരെ 205 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ ഇതുവരെ 366 പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍.
അതേസമയം ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് ഇപ്പോഴും കേന്ദ്രം അനുകൂല തീരുമാനമെടുത്തിട്ടില്ല. ദുരന്തമുണ്ടായ ഘട്ടം മുതല്‍ കേരളവും പ്രതിപക്ഷ കക്ഷികളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രം അതിന് തയ്യാറായിട്ടില്ല. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്താം ധനകാര്യ കമ്മീഷനാണ് ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്ന മാര്‍ഗനിര്‍ദേശങ്ങളൈ കുറിച്ച് പറയുന്നത്. 2005 മുതല്‍ ദുരന്തങ്ങളെ ദേശീയ ദുരന്തമെന്നോ സംസ്ഥാന ദുരന്തമെന്നോ വേര്‍തിരിക്കാറില്ലെന്നാണ് കേന്ദ്രം പറയുന്നത്. പത്താംധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദേശം പ്രകാരം ഒരു സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തത്തെ അപൂര്‍വ തീവ്രതയുള്ള ദുരന്തമെന്നാണ് വിളിക്കുന്നത്.
ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിനുള്‍പ്പടെ സംസ്ഥാനത്തിന്റെ വിഹിതത്തിന് പുറമെ കേന്ദ്രം കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്. ദുരന്തത്തിന് ഇരയായവരുടെ വായ്പാതിരിച്ചടവില്‍ ഉള്‍പ്പടെ കേന്ദ്രത്തിന് ഇടപെടല്‍ നടത്തേണ്ടതായും വരും. എന്നാല്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനാല്‍ അത്തരം ദുരന്തത്തിനിരയായവരുടെ ഇത്തരം അവകാശങ്ങളില്‍ ഉള്‍പ്പടെ ആശങ്കയുണ്ട്.
content highlights: Wayanad Landslide; Sixth Day of Tragedy; A search with more radars today, the death toll is 366