വയനാട് ഉരുള്‍പൊട്ടല്‍; വായ്പകള്‍ എഴുതി തള്ളാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കും, ദുരന്തബാധിതര്‍ക്ക് ഒറ്റ നിലയില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീട്
Kerala News
വയനാട് ഉരുള്‍പൊട്ടല്‍; വായ്പകള്‍ എഴുതി തള്ളാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കും, ദുരന്തബാധിതര്‍ക്ക് ഒറ്റ നിലയില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th August 2024, 8:37 pm

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റ നില വീട് നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി. പിന്നീട് മുകളിലേക്ക് പണിയാന്‍ സാധിക്കുന്ന തരത്തിലായിരിക്കും വീടുകളുടെ നിര്‍മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതിന് വേണ്ടി റിസര്‍വ് ബാങ്കിനെയും ധനമന്ത്രാലത്തെയും സമീപിക്കുമെന്നും ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

വീടുകളുടെ അടിത്തറ പണിയുന്ന സമയത്ത് തന്നെ രണ്ടാം നിലകൂടി പണിയാനുതകുന്ന തരത്തിലായിരിക്കും നിര്‍മാണം. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വിലങ്ങാടിലെ ഉരുള്‍പൊട്ടലിനെ അതീജീവിച്ചവര്‍ക്കും പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

വീട് നഷ്ടപ്പെട്ടവര്‍ക്കായിരിക്കും പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുകയെന്നും മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിലായിരിക്കും പരിഗണിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കുമെന്നും തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുമെന്നും സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തെ അതിജീവിച്ച എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താത്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും ദുരന്തബാധിതരെടുത്ത വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നാണ് പൊതുനിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെപ്തംബര്‍ രണ്ടാം തിയതി സ്‌കൂള്‍ പ്രവേശനോത്സവം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂള്‍ പുനര്‍നിര്‍മിച്ച് നിലനിര്‍ത്താനാവുമോ എന്ന് വിദഗ്ധര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

സൈക്ലോണ്‍ മുന്നറിയിപ്പുകള്‍ നല്ല രീതിയില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ പോലെ ഇപ്പോള്‍ സംഭവിച്ച കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ ലഭ്യമാകേണ്ടതുണ്ടെന്നും സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതല്‍ ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായവും ഇക്കാര്യത്തില്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പുനരധിവാസ പാക്കേജിന്റെ ഭാഗമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല മനസോടെയാണ് മിക്കവരും സ്‌പോണ്‍സര്‍ഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാര്‍ഹമാണ്. സ്‌പോണ്‍സര്‍മാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ബിനോയ് വിശ്വം (സി.പി.ഐ), ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ടി.സിദ്ദിഖ് എം.എല്‍.എ, പി.എം.എ സലാം (ഐ.യു.എം.എല്‍), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), കെ. വേണു (ആര്‍.എം.പി), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), മാത്യു ടി. തോമസ് (ജനതാദള്‍ – സെക്കുലര്‍), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്), ഡോ. വര്‍ഗീസ് ജോര്‍ജ് (രാഷ്ട്രീയ ജനതാദള്‍), പി.സി. ജോസഫ് ( ജനാധിപത്യ കേരള കോണ്‍ഗ്രസ്), കെ.ജി. പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് – ബി), അഡ്വ. ഷാജ ജി.എസ്. പണിക്കര്‍( ആര്‍.എസ്.പി – ലെനിനിസ്റ്റ്), മന്ത്രിമാരായ കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഒ. ആര്‍. കേളു, ചീഫ് സെക്രട്ടറി ഡോ.വേണു വി എന്നിവര്‍ പങ്കെടുത്തു.

content highlights: Wayanad Landslide; Reserve Bank will be approached to write off loans, 1000 square feet single storey house for disaster victims