| Friday, 2nd August 2024, 5:07 pm

മുണ്ടക്കൈ ടോപ്പില്‍ മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് സംശയം; സ്‌കാനറില്‍ സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തം നാശം വിതച്ച മുണ്ടക്കൈയില്‍ ഇനിയും ജീവന്റെ തുടിപ്പുകള്‍ ഉണ്ടെന്ന് സംശയം. മുണ്ടക്കൈ ടോപ്പില്‍ മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടെന്നാണ് സംശയിക്കുന്നത്.

തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ജീവന്റെ തുടിപ്പ് സ്ഥിരീകരിച്ചതായി തിരച്ചില്‍ സംഘം അറിയിച്ചു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം തിരച്ചില്‍ തുടരുകയാണ്. മെഡിക്കല്‍ സംഘവും ആംബുലന്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ നാല് ദിവസമായിട്ടും ആരെങ്കിലും ജീവനോടെ അകത്തുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും.

കോണ്‍ക്രീറ്റ് കട്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. റഡാര്‍ പരിശോധനയിലാണ് പള്ളിക്ക് സമീപം ജീവന്റെ തുടിപ്പുള്ളതായി സ്ഥിരീകരിച്ചത്. പക്ഷേ ഇത് മനുഷ്യരുടേതാണോ അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവികളുടേതാണോ എന്നറിയില്ല.

പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇതില്‍ വ്യക്തത വരുള്ളൂ. ആരോഗ്യസംഘത്തിന്റെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. ഒരാളെയെങ്കിലും കിട്ടിയാല്‍ അവരെ അതിവേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് മറ്റെല്ലാ സംവിധാനങ്ങളും ഒരുക്കിയത്.

അതിവേഗത്തില്‍ നടത്താന്‍ പറ്റിയ ഒരു ജോലിയല്ലെന്നും മനുഷ്യ ജീവന്‍ ബാക്കിയുണ്ടെങ്കില്‍ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധാപൂര്‍വവും ഇവിടുത്തെ മണ്ണ് നീക്കണമെന്നുമാണ് സംഘം പറയുന്നത്. നിലവില്‍ പുറംഭാഗത്തുള്ള മണ്ണാണ് നീക്കുന്നത്. അതിന് ശേഷം അകത്തേക്ക് കടക്കാന്‍ പറ്റുമെന്നാണ് അറിയുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മണ്ണാണ് ഇപ്പോള്‍ മാറ്റുന്നത്.

അതിനിടെ, ഉരുള്‍പൊട്ടലില്‍ മരണം 333 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 180 മൃതദേഹങ്ങളാണ്. രക്ഷാദൗത്യത്തില്‍ നേവിയുടെ ഹെലികോപ്റ്ററും പങ്കുചേരും.

107 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 105 മൃതദേഹങ്ങള്‍ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. മുണ്ടക്കൈയിലും ചൂരല്‍മലയിലയുമായി 284 പേരെ ഇനിയും കണ്ടെത്താനുണ്ട്. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തിരിച്ചറിയാത്ത 76 മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: Wayanad Landslide Rescue Operation Crucial Stage

We use cookies to give you the best possible experience. Learn more