വയനാട് ഉരുള്‍പ്പൊട്ടല്‍: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും
Kerala News
വയനാട് ഉരുള്‍പ്പൊട്ടല്‍: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2024, 8:03 am

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും.

ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. മോശം കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്ന അധികൃതരുടെ നിര്‍ദേശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര റദ്ദാക്കിയത്.

ദല്‍ഹിയില്‍ നിന്ന് മൈസൂരിലേക്ക് പ്രത്യേക വിമാനത്തിലെത്തുന്ന രാഹുല്‍ ഉച്ചയോടെ മേപ്പാടിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ യാത്ര ക്രമീകരിച്ചിരുന്നത്.

മേപ്പാടിയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോസഫ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം വിംസ് ആശുപത്രിയിലും ഇരുവരും സന്ദര്‍ശനം നടത്തുമെന്നും അറിയിച്ചിരുന്നു.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ രാവിലെ 11.30നാണ് യോഗം നടക്കുക.

വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30 ന് എ.പി.ജെ ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേരും.

അതേസമയം, മൂന്നാം ദിന രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സൈന്യത്തിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് ഇന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ 282 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 195 പേര്‍ ചികിത്സയിലാണ്. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇന്ന് ഇതുവരെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത് .

രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കരസേന വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കുടുതല്‍ മൃതദേഹം ഉണ്ടെന്നും കരസേന പറയുന്നു.

അതേസമയം, മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജെ.സി.ബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മിക്കുന്നത്.

പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ബെയ്‌ലി പാലത്തിന് സമാന്തരമായി നടപ്പാല നിര്‍മാണവും നടക്കുന്നുണ്ട്.

നേരത്തെ സൈന്യം തയ്യാറാക്കിയ താത്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങിയിരുന്നു. അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുള്ള ചെറിയ പാലം കൂടി നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തിയായേക്കുമെന്നാണ് വിവരം.

പ്രധാന പാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ കാല്‍നടയാത്രക്ക് സഹായകമാകുന്ന നിലയിലാണ് പുതിയ ചെറിയ പാലം നിര്‍മിക്കുന്നതെന്നാണ് വിവരം.

190 അടി നീളമുള്ള ബെയ്‌ലി പാലം ഇന്ന് വൈകിട്ടോടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതുവരെ 1600ഓളം പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

 

Content highlight: Wayanad Landslide: Rahul Gandhi and Priyanka Gandhi will  reach Wayanad today