മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ഓഗസ്റ്റ് റീലീസുകള്‍. ഓഗസ്റ്റിലെ ആദ്യവാരം തന്നെ മലയാളത്തിലെ മുന്‍നിര അഭിനേതാക്കള്‍ നിരവധി സിനിമകള്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടിയോസ് അമിഗോയുടെ റിലീസ് ഓഗസ്റ്റ് 2 ന് പ്രഖ്യാപിച്ചതായിരുന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഫൂട്ടേജ്, വിനയ് ഫോര്‍ട്ട് നായകനാകുന്ന ചിത്തിനിയും പുതുമുഖങ്ങള്‍ അണിനിരക്കുന്ന വാഴ-ബിയോപിക് ഓഫ് ബില്യണ്‍ ബോയ്‌സും ഓഗസ്റ്റ് ആദ്യ വാരത്തില്‍ തന്നെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതായിരുന്നു.
അപ്രതീക്ഷിതമായി വയനാട്ടില്‍ ജൂലൈ 30 ന് സംഭവിച്ച മഹാദുരന്തം മൂലം ഈ സിനിമകളുടെയെല്ലാം റിലീസ് തിയ്യതി മാറ്റിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് താരങ്ങള്‍ എല്ലാവരും തന്നെ പ്രമോഷന്‍ പരിപാടികളില്‍ നിന്നെല്ലാം വിട്ടുനിന്നു.
ഇന്‍ഡസ്ട്രിയിലെ പുതിയ റിപ്പോര്‍ട്ട് അനുസരിച് റിലീസ് മാറ്റിവെച്ച സിനിമകള്‍ ഓഗസ്റ്റ് 15 ന് തിയ്യറ്ററുകളില്‍ എത്തും.
മലയാളി പ്രേക്ഷകര്‍ എല്ലാത്തരം സിനിമകളെയും ശ്രദ്ധിക്കുന്ന സമയമാണ് 2024. അത്തരത്തില്‍ വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന സിനിമയാണ് വിനയ് ഫോര്‍ട്ട്, അമിത് ചക്കാലക്കല്‍, മോക്ഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്തിനി. ചിത്രം ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
അനുരാഗ് കശ്യപ് ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമ എന്നതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയുള്ള ചലച്ചിത്രമാണ് മഞ്ജു വാര്യര്‍, വൈശാഖ് നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഫൂട്ടേജ്. ട്രെയിലറില്‍ യാതൊരുവിധ പിടിയും തരാത്ത ചിത്രം മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളുടെ ഗണത്തിലായിരിക്കും എന്ന് പ്രതീക്ഷിക്കാം
ഓഗസ്റ്റ് റിലീസില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന സിനിമയാണ് ആസിഫ് അലി സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന അടിയോസ് അമിഗോ. മലയാളി പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്ന കോമഡി എന്റര്‍ട്രെയ്‌നര്‍ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സൂരജ് വെഞ്ഞാറമൂടിന്റെ കുടിയന്‍, കോമഡി വേഷങ്ങള്‍ക്ക് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണുള്ളത്. ഇത് ചിത്രത്തിന് ഗുണം ചെയ്യുമെന്ന് കരുതാം.
ജയ ജയ ജയ ജയ ഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിപിന്‍ ദാസ് രചന നിര്‍വഹിക്കുന്ന ചിതമാണ് വാഴ- ബിയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്. കൂടുതലായും പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖ സംവിധായകന്‍ ആനന്ദ് മേനോന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്നുപോയ മനസുകള്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് റിലീസ് മാറ്റിവെച്ച സിനിമകള്‍ വീണ്ടും റിലീസിനായി തയ്യാറെടുക്കുന്നത്.
Content Highlight: Wayanad landslide Postponed Movies Released on Coming Days