തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കുറിച്ച് മാധ്യമങ്ങള്‍ കുട്ടികളോട് ഒന്നും ചോദിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ ഈ കാര്യം കൂടെ മാധ്യമങ്ങള്‍ പരിഗണിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.
‘ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കണം. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിക്കാതിരിക്കുക. .
കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈ അവസരത്തില്‍ പറയിക്കാതിരിക്കുക. കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നുണ്ടെങ്കിൽ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക് എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ആറ് ദിവസങ്ങളാകുമ്പോള്‍ ദുരന്തത്തില്‍ സംഭവിച്ചതിന്റെ നടുക്കുന്ന കഥകള്‍ ഓരോ മാധ്യമങ്ങളിലും ദിനംപ്രതി പുറത്തുവരുന്നതിനിടെ ആണ് അഭ്യര്‍ത്ഥനയുമായി മന്ത്രി രംഗത്തെത്തിയത്.
ഇതുവരെ ദുരന്തത്തില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്. ദുരന്തത്തെ അതിജീവിച്ച കുട്ടികളുടെ അനുഭവങ്ങള്‍ ഉള്‍പ്പടെ നിരവധി റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
അതിനിടെ, ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. മരണം 366 ആയി ഉയർന്നു. ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെയാണ്. വിവിധ ഫോഴ്‌സുകളിലുള്ളവരും സന്നദ്ധ പ്രവർത്തകരും ഉൾപ്പടെ 1200ലധികം ആളുകളാണ് ഇന്നത്തെ തിരച്ചിലിൽ പങ്കെടുക്കുന്നത്.
Content Highlight: Wayanad landslide; Please don’t ask children about the disaster; Minister Veena George