| Friday, 2nd August 2024, 12:47 pm

'വയനാടിന്റെ കണ്ണീരൊപ്പാന്‍'; ധനസമാഹരണത്തിനായി ആപ്പ് ലോഞ്ച് ചെയ്ത് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഉരുള്‍പൊട്ടലില്‍ തകര്‍ത്ത വയനാട് മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ധനസമാഹരണം ആരംഭിച്ച് മുസ്‌ലിം ലീഗ്. ഇതിനായി പ്രത്യേകം ആപ്പ് മുസ്‌ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പുറത്തിറക്കി.

ഡിജിറ്റലായാണ് ഫണ്ട് സമാഹരണം നടത്തുന്നതെന്ന് ആപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖലി തങ്ങള്‍ പറഞ്ഞു. എല്ലാവരുടെയും സഹായം ഇതിനായി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഓരോ മനുഷ്യന്റെയും മനസ് വേദനിപ്പിക്കുന്നതാണ്. മറ്റെല്ലാ സ്ഥലത്തെയും പോലെ വയനാട്ടിലും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിക്കും. അതിന് എല്ലാവരുടെയും സഹായവും സഹകരണവും ആവശ്യമാണ്. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്.

ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ തുടങ്ങി സമഗ്രമായ പദ്ധതിയാണ് പുനരധിവാസത്തിന് വേണ്ടി മുസ്‌ലിം ലീഗിന്റെ പദ്ധതിക്ക് കീഴില്‍ വരുന്നത്. ഇതിനായി വലിയ തുക ആവശ്യമാണ്. അതിനാല്‍ എല്ലാവരും ഈ പദ്ധതിക്കൊപ്പം നില്‍ക്കണം,’ സാദിഖലി തങ്ങള്‍ പറഞ്ഞു.

ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോഞ്ച് ചെയ്തത് മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാടിന്റെ കണ്ണീരൊപ്പാന്‍ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവില്‍ നിന്ന് സ്വീകരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യദിനം മുതല്‍ മുസ്‌ലിം ലീഗ് വയനാട്ടില്‍ ഉണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അവിടെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ പാര്‍ട്ടി സജീവമായി ഉണ്ടായിരുന്നു. പുനരധിവാസ പദ്ധതിക്കായി എല്ലാവരും കൂടെ നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: wayanad landslide; Muslim League launches app to raise funds

We use cookies to give you the best possible experience. Learn more