മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അഞ്ചാം നാളത്തെ തിരച്ചില്‍ പുനരാരംഭിച്ച് ദൗത്യസംഘം. സോണുകള്‍ തിരിച്ചുള്ള പരിശോധനയാണ് ഇന്നും നടക്കുന്നത്. മരണ സംഖ്യ 342 ആയി ഉയർന്നിട്ടുണ്ട്.
വെള്ളിയാഴ്ചയും ആറ് സോണുകള്‍ തിരിച്ചായിരുന്നു പരിശോധന നടന്നത്. ഒപ്പം ചാലിയാറിലെ 40 കിലോമീറ്ററും കേന്ദ്രീകരിച്ച് തിരച്ചിൽ നടന്നിരുന്നു. ഇത് കൂടുതല്‍ കാര്യക്ഷമമായിരുന്നു എന്നാണ് വെള്ളിയാഴ്ച നടന്ന യോഗത്തില്‍ വിലയിരുത്തിയത്.
അതിനാല്‍ അഞ്ചാം നാളും സോണ്‍ തിരിച്ചുള്ള പരിശോധനയിലേക്ക് തന്നെയാണ് കടക്കുകയെന്ന് ദൗത്യസംഘം അറിയിച്ചു. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം വഴി ഇന്നും കൂടുതല്‍ യന്ത്രങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്തിക്കും.
കൂടുതല്‍ അന്വേഷണം ആവശ്യമായ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്താനും അതിനായി നാട്ടുകാരുടെ ഉള്‍പ്പടെ സഹായം തേടാനുമാണ് തീരുമാനം. വെള്ളിയാഴ്ച റഡാര്‍ പരിശോധന ഉള്‍പ്പടെ നടന്നിരുന്നു. ഇന്നും ആവശ്യമെങ്കില്‍ റഡാര്‍ പരിശോധന തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ചാലിയാറിലും ഇന്ന് പരിശോധന തുടരും. അതിനിടെ, ഉരുൾപൊട്ടലിൽ മരിച്ചവരുടെ ഒദ്യോഗിക കണക്കുകൾ ഇന്നലെ സർക്കാർ പുറത്തുവിട്ടിരുന്നു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ചികിത്സയിലുള്ളവരുടെയുമെല്ലാം ഒദ്യോഗിക കണക്കുകളാണ് സർക്കാർ പുറത്തുവിട്ടത്.
ഓദ്യോഗിക കണക്കുകള്‍ പ്രകാരം 210 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉൾപ്പടെ 341 പോസ്റ്റ്മോർട്ടം നടന്നിട്ടുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ സ്ഥിരീകരിച്ച മരണങ്ങളില്‍ 96 പുരഷന്‍മാരും 85 സ്ത്രീകളും 29 കുട്ടികളും ഉള്‍പ്പെടും. 147 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 139 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
62 മൃതദേഹങ്ങള്‍ ജില്ല ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. 28 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. 87 ശരീരഭാഗങ്ങള്‍ ജില്ല ഭരണകൂടത്തിന് കൈമാറിയപ്പോള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത് 119 ശരീരഭാഗങ്ങളാണ്. 491 പേരെയാണ് ദുരന്തമുഖത്ത് നിന്ന് പരിക്കേറ്റ് ആശുപത്രികളിലേക്ക് എത്തിച്ചിട്ടുള്ളത്.
Content Highlight: Wayanad landslide; Mission team resumes fifth day of search in Mundakai-Churalmala