ഓരോ ചെറിയ സഹായവും അവര്‍ക്ക് വളരെ വലിയ കൈത്താങ്ങ്; വയനാടിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് മിന്നു മണി
Kerala News
ഓരോ ചെറിയ സഹായവും അവര്‍ക്ക് വളരെ വലിയ കൈത്താങ്ങ്; വയനാടിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് മിന്നു മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 10:07 am

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണി. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈയില്‍ കണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സാഹചര്യമാണെന്നും മിന്നു മണി പറഞ്ഞു.

നമ്മളാല്‍ കഴിയുന്ന ഓരോ ചെറിയ സഹായങ്ങളും അവര്‍ക്ക് കൈത്താങ്ങാകുമെന്നും അതുകൊണ്ട് നമ്മളാല്‍ കഴിയുന്നതെന്തോ, ചെറുതോ വലുതോ ആയ സഹായങ്ങള്‍ അവരിലേക്കെത്തിക്കാന്‍ ശ്രമിക്കണമെന്നും മനോരമ ന്യൂസില്‍ മിന്നു മണി പറഞ്ഞു.

‘ഇന്ത്യ കണ്ട ഏറ്റവും വിലയ ദുരന്തം തന്നെയാണ് വയനാട് മുണ്ടക്കൈയില്‍ കണ്ടിരിക്കുന്നത്. നാന്നൂറോളം കുടുംബങ്ങള്‍ക്ക് അവരുടെ വേണ്ടപ്പെട്ടവരെയും വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ടു. ഈയൊരു സാഹചര്യത്തില്‍ നമ്മളെല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്.

നമ്മളാല്‍ കഴിയുന്ന ഓരോ ചെറിയ സഹായങ്ങളും അവര്‍ക്ക് വലിയ കൈത്താങ്ങാകും. അതുകൊണ്ട് നമ്മളാല്‍ കഴിയുന്നതെന്തോ, ചെറുതോ വലുതോ ആയ സഹായങ്ങള്‍ അവരിലേക്കെത്തിക്കാന്‍ ശ്രമിക്കുക.

ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ അവിടെ തുടര്‍ന്നുവരികയാണ്. ക്യാമ്പുകളില്‍ ഒരുപാട് കടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്. അവര്‍ക്കെല്ലാം വേണ്ടി നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം, ഒറ്റക്കെട്ടായി നില്‍ക്കാം,’ മിന്നു മണി പറഞ്ഞു.

സിനിമ താരം അബു സലീമും വയനാടിനൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

‘പറയാന്‍ വാക്കുകളില്ല. 2019ലെ പുത്തുമല ദുരന്തത്തിന്റെ സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. അവിടെ പോയി, രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ പറ്റി. എന്നാല്‍ ഇപ്പോള്‍ വയനാട്ടില്‍ എനിക്ക് പോകാന്‍ സാധിച്ചിട്ടില്ല.

360ഓളം ആളുകള്‍ മരിച്ചിട്ടുണ്ട്. പത്തുമുപ്പതോളം പിഞ്ചുകുട്ടികളും മരിച്ചു എന്നാണ് അറിയാന്‍ സാധിച്ചത്. അവിടെ പോകാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് പോയിട്ടില്ല. ഇപ്പോള്‍ നമ്മളവിടെ പോകുന്നത് തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കും.

സിനിമാ ലോകത്ത് നിന്നുള്ളവരെല്ലാം സഹായങ്ങളെത്തിക്കുകയും ലാലേട്ടനൊക്കെ അവിടെ നേരിട്ടെത്തുകയും ചെയ്തു. മിലിട്ടറി ഉദ്യോഗസ്ഥന്‍ എന്ന നിലയിലും അല്ലാതെയും വേണ്ട കോണ്‍ട്രിബ്യൂഷനുകള്‍ എല്ലാം ചെയ്തു. ഇനിയും അവര്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വാക്കുകൊടുത്തിട്ടുണ്ട്. സുരേഷ് ഗോപി ഇന്ന് വരും എന്ന് പറഞ്ഞിട്ടുണ്ട്.

പോയവരെല്ലാം പോയിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളവര്‍ക്ക് പുനരധിവാസത്തിന് അല്‍പം സമയമെടുക്കും. അതുവരെ അവര്‍ക്കുള്ള താമസവും ഭക്ഷണവും ഒരുക്കണം എന്നത് നിര്‍ബന്ധമുള്ള ഒരു കാര്യമാണ്. പുനരധിവാസത്തിന് എന്തുതന്നെയായാലും ഒരു നാലഞ്ച് മാസം പിടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനായി വലിയ ചെലവ് വരും.

അതിനായി നമ്മുടെ നാട്ടിലെ എല്ലാവരും വയനാടിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തോടുകൂടി സഹായം ചെയ്ത് ഞങ്ങള്‍ക്കൊപ്പമുണ്ടാകണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്,’ അബു സലീം പറഞ്ഞു.

അതേസമയം, ആറാം ദിവസവും തിരച്ചില്‍ തുടരുകയാണ്. വിവിധ ഫോഴ്സുകളിലുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ 1200ലധികം ആളുകളാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുക. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കയറും മറ്റ് കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മണ്ണിനടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് കൂടുതല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നത്. വിവിധ പോയിന്റുകള്‍ തിരിച്ചാണ് ഇന്നും തിരച്ചില്‍ തുടരുന്നത്.

മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കൃത്യമായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരാണ് ഇന്ന് തിരച്ചിലില്‍ പങ്കെടുക്കുന്നത്. അപകട സാധ്യത ഉള്‍പ്പടെ കണക്കിലെടുത്ത് സന്നദ്ധ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് തിരച്ചിലിനായി സന്നദ്ധ പ്രവര്‍ത്തകരെ കടത്തിവിടുന്നത്.

ദുരന്തത്തില്‍ ഉള്‍പ്പട്ടവരുടെ ബന്ധുക്കളെ കൂടി ഇന്ന് തിരച്ചില്‍ സംഘങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തകര്‍ന്ന വീടുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്കായിരിക്കും അറിയുക എന്നതിനാലാണ് അവരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ റഡാറുകളും ഇന്ന് തിരച്ചിലിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഇതിനായി ദല്‍ഹിയില്‍ നിന്ന് കൂടുതല്‍ റാഡറുകള്‍ വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. ഒരു സേവര്‍ റഡാറും, നാല് റെക്കോ റഡാറുകളുമാണ് ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത്.

ദുരന്തത്തില്‍ അകപ്പെട്ട 206 പേരെയാണ് കണക്കുകള്‍ പ്രകാരം കണ്ടെത്താനുള്ളത്. ചാലിയാറിലും ഇന്ന് തിരച്ചില്‍ നടക്കുന്നുണ്ട്. ചാലിയാറിലെ തിരച്ചിലിന്റെ അവസാന ഘട്ടങ്ങളാണ് ഇന്നും നാളെയും നടക്കുക. ചാലിയാറില്‍ നിന്ന് ഇതുവരെ 205 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ ഇതുവരെ 366 പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍.

അതേസമയം ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് ഇപ്പോഴും കേന്ദ്രം അനുകൂല തീരുമാനമെടുത്തിട്ടില്ല. ദുരന്തമുണ്ടായ ഘട്ടം മുതല്‍ കേരളവും പ്രതിപക്ഷ കക്ഷികളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കേന്ദ്രം അതിന് തയ്യാറായിട്ടില്ല. ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Content highlight: Wayanad Landslide: Minnu Mani and Abu Salim asking for help