| Friday, 20th December 2024, 6:15 pm

വയനാട് ദുരന്തം; വ്യവഹാരമില്ലാത്ത ഭൂമി എത്ര തുക കൊടുത്തും ഏറ്റെടുക്കും; ടൗണ്‍ഷിപ്പിനായി രണ്ട് എസ്‌റ്റേറ്റുകള്‍ അന്തിമപട്ടികയില്‍; കെ. രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റുകള്‍ അന്തിമപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റവന്യൂ മന്ത്രി കെ. രാജന്‍. ദുരന്ത ബാധിതരുടെ അഭ്യര്‍ത്ഥന പ്രകാരം എല്ലാവരേയും ഒരുമിച്ച് താമസിപ്പിക്കാനുള്ള ഒരു ടൗണ്‍ഷിപ്പ് ആണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിരുന്നത്‌.

ഇതിനായി നിരവധി പ്രദേശങ്ങള്‍ പരിശോധിച്ചതിന് ശേഷം ആ 25 പ്രദേശങ്ങള്‍ തെരഞ്ഞെടുത്തതെന്നും അതില്‍ നിന്ന് വിവിധ പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് രണ്ട് എസ്റ്റേറ്റുകള്‍ അന്തിമമായി തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

ദുരന്തബാധിതരില്‍ ചിലര്‍ക്ക് ഇനി താമസിക്കുന്ന പ്രദേശത്തും എന്തെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തം ഉണ്ടാവുമോയെന്ന ഭയം ഉണ്ടായെന്നും അതിനാല്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഈ 25 എസ്‌റ്റേറ്റുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ആ 25 പ്രദേശങ്ങളില്‍ നിന്ന് ഒമ്പത് സ്ഥലങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ നിന്ന് ഏറ്റവും ഒടുവില്‍ സൂക്ഷ്മ പരിശോധന നടത്തിയാണ് അവസാന രണ്ടിലെത്തിയതെന്നും മന്ത്രി പറഞ്ഞു.

‘ദുരന്തബാധിതര്‍ക്ക് മേപ്പാടി പഞ്ചായത്തില്‍ തന്നെ താമസിക്കണം എന്നാഗ്രഹം ഉള്ളതിനാല്‍ പല മാനദണ്ഡങ്ങളെയും അടിസ്ഥാനപ്പെടുത്തി രണ്ട് സ്ഥലം ഒടുവില്‍ കണ്ടെത്തി. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റുമാണത്,’ മന്ത്രി പറഞ്ഞു.

ദുരന്തം നടന്ന് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ വളരെ വേഗത്തിലാണ് ഇത്രയും കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ ചില തടസങ്ങള്‍ ഉണ്ടായെന്നും മന്ത്രി പറയുകയുണ്ടായി.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് വഴി ഭൂമി ഏറ്റെടുത്താല്‍ ഭൂമിയുടെ വില കിട്ടാതെ പോവുമെന്ന ഭയത്താല്‍ എസ്‌റ്റേറ്റുകാര്‍ ഹൈക്കോടതിയെ സമീപിച്ചെന്നും എന്നാല്‍ സര്‍ക്കാര്‍ കോടതിയെ മുന്‍നിര്‍ത്തി മറ്റ് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും  മന്ത്രി പറഞ്ഞു.

‘റൂള്‍ 300 അനുസരിച്ച് പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് പോകും. വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 38 ഏജന്‍സികള്‍ ഇതിനകം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. 1133 വീടുകളുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പാണ് അന്ന് അവര്‍ പറഞ്ഞത്. ഇതില്‍ ചിലപ്പോള്‍ മാറ്റമുണ്ടാകാനും ഇടയുണ്ട്. ഈ സ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി ഉടന്‍ ചര്‍ച്ചകല്‍ നടത്തും,’ മന്ത്രി പറഞ്ഞു.

കൂടാതെ ദുരന്ത ബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Wayanad landslide land will be acquired without litigation; Two estates shortlisted for the township says minister K. Rajan

We use cookies to give you the best possible experience. Learn more