മേപ്പാടി: ജൂലൈ 30ന് പുലര്‍ച്ചെ ഉരുള്‍പൊട്ടലില്‍ നാടാകെ തുടച്ചു നീക്കപ്പെട്ടിട്ടും കെ.എസ്.ആര്‍.ടിസിയുടെ മുണ്ടക്കൈ ബസിന് ഇതുവരെ ചൂരല്‍മലയില്‍ നിന്ന് പുറത്തുകടക്കാനായിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായി ആറ് ദിവസമായിട്ടും പാലം തകര്‍ന്ന് ചൂരല്‍മലയില്‍ തന്നെ തുടരുകയാണ് കെ.എസ്.ആര്‍.ടി.സി ബസ്.
വര്‍ഷങ്ങളായി രാത്രിയില്‍ വയനാട്ടിലെ മുണ്ടക്കൈയിലേക്ക് ഓടുന്ന അവസാന ബസാണ് ഉരുള്‍പൊട്ടലുണ്ടായി ആറാം ദിവസവും കല്‍പ്പറ്റയിലേക്ക് തിരിച്ചുപോകാനാവാതെ ചൂരല്‍മലയില്‍ തുടരുന്നത്. രാത്രി ചൂരല്‍ മലയിലെത്തിയാല്‍ രാവിലെ വരെ അവിടെ തന്നെയാണ് ബസ് നിര്‍ത്തിയിടാറുള്ളത്. പിറ്റേദിവസം രാവിലെയാണ് ബസ് കല്‍പ്പറ്റയിലേക്ക് തിരിക്കാറുള്ളത്.
ഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ ചൂരല്‍മലയില്‍ സംഭവിച്ചതെന്തെന്ന ദുരിതകഥ പുറംലോകത്തെത്തിച്ച ആദ്യവ്യക്തികള്‍ ഈ കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരായിരുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസവും പതിവുപോലെ മുണ്ടക്കൈയിലേക്ക് സര്‍വീസ് ഉണ്ടായിരുന്നു. രാത്രി 8.30 ന് കല്‍പ്പറ്റയില്‍ നിന്നെടുക്കുന്ന ബസ് 9.45നാണ് മുണ്ടക്കൈയിലെത്തിയത്.
അന്ന് രാത്രി ബസില്‍ നിന്നിറങ്ങിയ പലരും ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ ഇറങ്ങിപ്പോയതെന്ന് പോലും അറിയില്ലെന്ന് ബസിലെ കണ്ടക്ടറും ഡ്രൈവറും മാധ്യമങ്ങളോട് പറഞ്ഞു.
ബസ് ചൂരല്‍മല ക്ഷേത്രത്തിനുമുന്നിലെ റോഡിലൂടെ ക്ലിനിക്കിന് മുന്നിലെത്തി അവിടെയാണ് പാര്‍ക്ക് ചെയ്യാറുള്ളത്. ക്ലിനിക്കിനോടു ചേര്‍ന്നുള്ള മുറിയിലാണ് ഇരുവരും രാത്രി ഉറങ്ങുന്നത്. ചൊവ്വാഴ്ച രാവിലെ ഒരു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. പക്ഷെ ചൂരല്‍മലയില്‍നിന്ന് രണ്ടരകിലോമീറ്റര്‍ ദൂരെയായതിനാല്‍ ഉരുള്‍പൊട്ടിയതിന്റെ ശബ്ദം കേട്ടില്ലെന്ന് ഇവര്‍ പറയുന്നു.
നാല് മണിയോടെ വീണ്ടും ഉരുള്‍പൊട്ടി. അകലെനിന്ന് പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്. അപകടവിവരമറിഞ്ഞ കല്‍പ്പറ്റ ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ രാവിലെ മുതല്‍ ഇവരെ വിളിച്ചെങ്കിലും ഇരുവരും ഫോണെടുത്തില്ല. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതിന് കാരണമായി.
പിന്നീട് വൈകിട്ട് നാല് മണിയോടെ ഇവര്‍ തിരിച്ചുവിളിക്കുകയും തങ്ങളും ബസും ചൂരല്‍മലയില്‍ സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. പരിചയമില്ലാത്തതിനാല്‍ പുറത്തിറങ്ങരുതെന്ന് എല്ലാവരും വിളിച്ചുപറഞ്ഞെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘രാവിലെ നേരം വെളുത്തപ്പോഴാണ് പുറത്തിറങ്ങിയത്. കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ കടന്നുവന്ന പാലമില്ല, അക്കരെ ചൂരല്‍മല അങ്ങാടിയില്ല, കെട്ടിടങ്ങളില്ല, വീടുകളും പാഡികളും കാണാനില്ല,’ ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ഉടനെ പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എല്ലാവര്‍ക്കും അയച്ചുകൊടുത്തെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാവിലെയോടെ സൈന്യം നിര്‍മിച്ച താത്കാലിക പാലം വഴി ഇരുവര്‍ക്കും പുറത്തുകടക്കാന്‍ സാധിച്ചെങ്കിലും ബസ് ഇപ്പോഴും ചൂരല്‍മലയില്‍ തന്നെ തുടരുകയാണ്.
അതിനിടെ, ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. മരണം 366 ആയി ഉയർന്നു. ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെയാണ്. വിവിധ ഫോഴ്‌സുകളിലുള്ളവരും സന്നദ്ധ പ്രവർത്തകരും ഉൾപ്പടെ 1200ലധികം ആളുകളാണ് ഇന്നത്തെ തിരച്ചിലിൽ പങ്കെടുക്കുന്നത്.
Content Highlight: Wayanad landslide; KSRTC’s Mundakai bus is left alone with no way to return