മേപ്പാടി: വയനാട്ടിൽ കനത്ത മഴയിൽ വനത്തിനുള്ളിൽ ഒറ്റപ്പെട്ട ആദിവാസി കുടംബത്തിലെ കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിക്കുന്നതിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ആഷിഫ്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്‍, കല്‍പ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. അനില്‍കുമാര്‍, കല്‍പ്പറ്റ ആര്‍.ആര്‍.ടി അനൂപ് തോമസ് എന്നവരുടെ സംഘമാണ് സാഹസിക ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കുടുംബത്തെ രക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് രക്ഷപ്പെടുത്തുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്.
നാലുദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവശരായിരുന്ന കുടുംബത്തെ തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണവും വെള്ളവും നല്‍കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാടിന് പുറത്തെത്തിച്ചത്.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്ത് ഏറാട്ടുകുണ്ട് ഗുഹാഭാഗത്ത് താമസിക്കുന്ന കൃഷ്ണന്‍ ഭാര്യ ശാന്ത ഇവരുടെ നാല് മക്കളെയുമാണ് അതിസാഹസികമായി വനപാലകര്‍ രക്ഷപ്പെടുത്തിയത്. പത്ത് മീറ്റര്‍ നീളത്തില്‍ കയറുകള്‍ കൂട്ടികെട്ടിയതില്‍ പിടിച്ചാണ് വനപാലകര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്.
ചെങ്കുത്തായ മലഞ്ചരിവുകള്‍ താണ്ടിയാണ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അട്ടമലയിലെ ക്യാമ്പില്‍ എത്തിച്ചത്. ഒപ്പം ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ ഒരുക്കി നല്‍കുകയും ചെയ്തു.
സാഹസിക രക്ഷാ പ്രവര്‍ത്തനത്തിന്റെ വാര്‍ത്ത പുറത്തുവന്നിതിന് പിന്നാലെ വനം വകുപ്പിനെ അഭിനന്ദിച്ച് മന്ത്രിമാരായ എ.കെ. ശശീന്ദ്രനും ഒ.ആര്‍.കേളുവും രംഗത്തെത്തി.
കനത്ത മഴയെ തുടര്‍ന്നാണ് കുടുംബം വനത്തിനുള്ളില്‍ ഒറ്റപ്പെട്ടത്. രക്ഷാ പ്രവര്‍ത്തനത്തിനായി എത്തുമ്പോള്‍ വിശന്ന് കരഞ്ഞ് തളര്‍ന്ന കുട്ടികളെയും രക്ഷിതാക്കളെയുമാണ് കണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlight: wayanad landslide; forest officers rescued 3 kids and father from forest