| Thursday, 1st August 2024, 9:41 am

ജീവനും കൊണ്ട് ഓടിയെത്തിയത് കാട്ടാനക്ക് മുന്നിൽ, ആന പോലും കണ്ണീരൊലിപ്പിച്ച് പിൻമാറി; രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ ജീവന്‍ മാത്രം കയ്യില്‍ പിടിച്ച് ഓടിയവര്‍ എത്തിപ്പെട്ടത് കാട്ടാനാക്കൂട്ടത്തിന് മുന്നിലെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍. സുജാതയും കുടുംബവുമാണ് കാട്ടിനുള്ളില്‍ മരണത്തെ മുഖാമുഖം കണ്ടതിന്റെ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചത്.

ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില്‍ കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. അവിടെയാണെങ്കില്‍ ആനയും. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെന്നും സുജാത പറഞ്ഞു.

രണ്ട് മണിക്ക് കാടുകയറിയിട്ട് രാവിലെയാണ് തങ്ങളെ കൊണ്ടുപോകാന്‍ ജീപ്പ് എത്തിയത്. അതുവരെ എല്ലാവരും പേടിച്ച് കാട്ടില്‍ ഇരിക്കുകയായിരുന്നു. കാട്ടില്‍ തങ്ങള്‍ക്കൊപ്പം ആകെ 50 പേര്‍ ഉണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു.

കാട്ടിലേക്ക് ഓടുന്നതിനിടെ കൂടെയുണ്ടാവര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. തന്റെ ഭര്‍ത്താവിന്റെ അനിയനും അവരുടെ മകനെയും കാണാനില്ലെന്നും സുജാത പറഞ്ഞു. ശക്തമായ ഒഴുക്കില്‍ മരച്ചില്ല വന്നിടിച്ച് സുജാതയുടെ കൈക്കും പരിക്കറ്റിട്ടുണ്ട്. നിലവില്‍ സുജാതയും കുടുംബവും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഉള്ളത്.

ഇതുവരെ 282 മരണമാണ് ഉരുള്‍പൊട്ടലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 240ലേറെ പേറെ കണ്ടെത്താന്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ ഈ കണക്കുകളെല്ലാം ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഇതുവരെ രക്ഷപ്പെടുത്താനായത് 1000ത്തിലേറെ മനുഷ്യരെയാണ്. ചാലിയാറിലെ തിരച്ചിലും വ്യാഴാഴ്ച രാവിലെ ആരംഭിച്ചിച്ചുണ്ട്. ചാലിയാർ പുഴ കേന്ദ്രീകരിച്ച് വ്യപക തിരച്ചിൽ നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു. വെള്ളത്തിന്റെ ഒഴുക്ക് കാരണം രൂപപ്പെട്ട തുരുത്തുകളിൽ മൃതദേഹങ്ങൾ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. 134 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്നും ഇതുവരെ കണ്ടെടുത്തത്.

Content Highlight: wayanad landslide;  family shares the experience of being saved

We use cookies to give you the best possible experience. Learn more