| Wednesday, 7th August 2024, 11:02 pm

വയനാട് ഉരുള്‍പൊട്ടല്‍; സര്‍ക്കാര്‍ നല്‍കുന്നത് മാത്രമേ ദുരന്തബാധിതര്‍ക്ക് അഭിമാനത്തോടെ സ്വീകരിക്കാനാകൂ: കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മാത്രമേ അവര്‍ക്ക് അഭിമാനത്തോടെ സ്വീകരിക്കാനാകൂ എന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. മറ്റുള്ളവര്‍ നല്‍കുന്നതെല്ലാം ഔദാര്യം മാത്രമായേ അവര്‍ക്കനുഭവപ്പെടൂ എന്നും സര്‍ക്കാര്‍ നല്‍കുന്നതില്‍ അവരുടെ നികുതിപ്പണവും വിയര്‍പ്പിന്റെ അംശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മലയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം വിളമ്പിയ യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍മാരോട് കാണിച്ച ഈഗോ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും സര്‍ക്കാരിനുണ്ടാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

‘മുഴുവന്‍ രാഷ്രീയ പാര്‍ട്ടികളെയും സംയോജിചിപ്പിച്ച് സമഗ്രമായ പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. സര്‍ക്കാര്‍ കൊടുക്കുന്നത് മാത്രമെ അഭിമാനത്തോടെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയു. മറ്റുള്ളവയെല്ലാം ഔദാര്യമാവും. നികുതി പണത്തില്‍ അവരുടെ വിയര്‍പ്പിന്റെ അംശംകൂടിയുണ്ട് എന്നതാണ് അതിനു കാരണം.

കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയുള്ള പ്രഹസന പുനരവധിവാസമല്ല ഇവിടെ വേണ്ടത്. സ്നേഹവും സമാധാനവും സൗഹൃദവും സംയോചിച്ച ഈ നാടിന്റെ ഗ്രാമ പരിസ്ഥിതി വ്യവസ്ഥയിലൂന്നിയ പുനരവധിവാസം വൈകാതെ യാഥാര്‍ത്ഥ്യമാക്കണം.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. സുനാമി, കവളപ്പാറ, പുത്തുമല, പെട്ടിമുടി, കൂട്ടിക്കല്‍ ദുരന്തത്തിന്റെ ഇരകളെ എങ്ങനെയാണ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചതെന്നും അവര്‍ സാധാരണ ജീവിതം നയിക്കുന്നുണ്ടോയെന്നും മനസിലാകുമ്പോളാണ് സര്‍ക്കാരിന്റെ ഇടപെടലുകള്‍ വ്യക്തമാകുക.

താനൂര്‍, തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളിലും സര്‍ക്കാരെങ്ങനെയാണ് ഇരകളുടെ നഷ്ടം നികത്തിയത്. എല്ലാം ചോദ്യ ചിഹ്നമാണ്. ദുരന്തങ്ങള്‍ ജനങ്ങള്‍ മറന്നുപോകുന്നത് പോലെ സര്‍ക്കാര്‍ മറന്നുപോകാന്‍ പാടില്ല. പുനരധിവാസിപ്പിക്കുന്നതില്‍ ഉത്തരവാദിത്തം വേണം

അന്താരാഷ്ട്ര തലത്തില്‍ സംഭവിച്ചിട്ടുള്ള പ്രകൃതി വൃതിയാനത്തിന്റെ ഭാഗമായി തുടരെ തുടരെ ദുരന്തങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും ഇരകളെ സംരക്ഷിക്കുവാനും രാജ്യം നിയമം പാസാക്കണം. ദുരന്തങ്ങള്‍ വരുമ്പോള്‍ ചോദ്യങ്ങള്‍ ചേദിക്കാന്‍ പാടില്ലെന്നും കേസെടുക്കുമെന്നും പറയുന്നത് ഫാസിസ്റ്റ് മനോഭാവമാണ്.

ലീഗിനെ ഒരു ചാരിറ്റബിള്‍ ഓഗനൈസേഷനായി ആരു ധരിക്കരുത്. അത് കൃത്യമായ നിലപാടുള്ള ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കും. സര്‍ക്കാറുമായി സഹകരിക്കേണ്ട മേഖലയില്‍ സഹകരിക്കും. അതേസമയം രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഇരകളുടെ അവകാശങ്ങളെ കുറിച്ച് പറയാനുള്ള ബാധ്യതയുണ്ട്‌. അത് തുടരും,’ കെ.എം. ഷാജി പറഞ്ഞു.

content highlights: Wayanad Landslide; Disaster victims can accept only what government gives them with pride: K.M. Shaji

We use cookies to give you the best possible experience. Learn more