| Thursday, 1st August 2024, 8:12 am

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; മരണം 297, 200ലേറെ പേർ കാണാമറയത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുണ്ടക്കൈ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 297ആയി. 200ലധികം ആളുകളെയാണ് കാണാതായത്. 192 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.

മൂന്നാം ദിന രക്ഷാ പ്രവര്‍ത്തനം വ്യാഴാഴ്ച  രാവിലെ പുനരാരംഭിച്ചു. സൈന്യത്തിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് ഇന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാലിയാറിലെ തിരച്ചിലും വ്യാഴാഴ്ച രാവിലെ തന്നെ ആരംഭിച്ചിച്ചുണ്ട്. ചാലിയാർ പുഴ കേന്ദ്രീകരിച്ച് വ്യപക തിരച്ചിൽ നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു. വെള്ളത്തിന്റെ ഒഴുക്ക് കാരണം രൂപപ്പെട്ട തുരുത്തുകളിൽ മൃതദേഹങ്ങൾ പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത് 134 മൃതദേഹങ്ങളാണ്. ബുധനാഴ്ച രാത്രി ഏഴ് മണിവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളുമാണ്.

അപകടം നടന്ന സ്ഥലത്ത് നിന്ന് 70 കിലോ മീറ്റര്‍ അകലെ മലപ്പുറം കോഴിക്കോട് അതിര്‍ത്തിക്കടുത്ത് മാവൂരിലെ മണന്ത കടവില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും ലഭിച്ചിരുന്നു.

രണ്ടുദിവസം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹമാണ് ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത് 28 പുരുഷന്‍മാരുടെയും 21 സ്ത്രീകളുടെയും രണ്ട് ആണ്‍കുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെ മൃതദേഹവുമാണ്.

തിരിച്ചറിയാന്‍ സാധിക്കാത്ത 75 ശരീര ഭാഗങ്ങളും ലഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ചൊവ്വാഴ്ച ചാലിയാറില്‍ നിന്നും 32 മൃതദേഹങ്ങളും 25 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചത്. ബുധനാഴ്ച മാത്രം ലഭിച്ചത് 20 മൃതദേഹങ്ങളും 59 അവശിഷ്ടങ്ങളുമാണ്. ഇതുവരെ 97 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മാര്‍ട്ടം പൂര്‍ത്തിയായി.

തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇതിനോടകം തന്നെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും രശരീര അവശിഷ്ടങ്ങളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിട്ടുണ്ട്.

Content Highlight: Wayanad landslide; death toll has crossed 280, and more than 200 people are missing

We use cookies to give you the best possible experience. Learn more