| Sunday, 11th August 2024, 9:16 am

വയനാട് ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെ; ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: 400ലധികം പേരുടെ മണത്തിന് കാരണമായ വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 2018 മുതല്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകളുണ്ടാകുന്ന പ്രദേശത്താണ് ഈ ദുരന്തവും സംഭവിച്ചതെന്നും പ്രദേശത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവിട്ടത്.

കനത്ത മഴ തന്നെയാണ് ദുരന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി ജി.എസ്.ഐ കണ്ടെത്തിയിരിക്കുന്നത്. ജൂലൈ ഒന്നാം ആഴ്ച മുതല്‍ പ്രദേശത്ത് കനത്ത മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന്റെ 24 മണിക്കൂര്‍ മുന്‍പ് മുതല്‍ പുത്തുമലയില്‍ 372.6 മി.മീറ്ററും, തെറ്റമലയില്‍ 409 മി.മീറ്റര്‍ മഴയും പെയ്തിട്ടുണ്ട്. സമീപപ്രദേശങ്ങളിലും സമാനമായ അളവില്‍ മഴ പെയ്തിട്ടുണ്ട്.

പ്രദേശത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മഴ പെയ്ത പ്രദേശത്ത് തന്നെ വീണ്ടും കനത്ത മഴ പെയ്തപ്പോള്‍ മര്‍ദം താങ്ങാനായില്ല. ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പാറക്കല്ലുകളും മണ്ണും വെള്ളവും ഏഴ് കിലോമീറ്റര്‍ ദൂരംവരെ ഒഴുകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ വേഗത്തില്‍ തന്നെ ഈ ഒഴുക്ക് സംഭവിച്ചപ്പോഴാണ് പുന്നപ്പുഴ ഗതിമാറിയതും ചൂരല്‍മലയെയും മുണ്ടക്കൈയെയും മണ്ണിനടിയിലാക്കിയതെന്നുമാണ് ജി.എസ്.ഐ കണ്ടെത്തിയിരിക്കുന്നത്.

പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നും പഠനത്തില്‍ കണ്ടെത്തി. 2019ല്‍ പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ ഘട്ടത്തില്‍ വെള്ളരിമലയിലും ചൂരല്‍മലയിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ പ്രഭവകേന്ദ്രത്തില്‍ 25 മുതല്‍ 45 ഡിഗ്രിവരെയാണ് ചെരിവുള്ളത്. 5 മീറ്റര്‍ വരെയാണ് മേല്‍മണ്ണിന്റെ കനമുള്ളത്. ഇതെല്ലാം ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിപ്പിക്കുന്നതിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി.എസ്.ഐ ദുരന്തമേഖലയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 2015-16 കാലഘട്ടത്തിലും ജി.എസ്.ഐ പ്രദേശത്ത് പഠനം നടത്തിയിരുന്നു. അന്ന് ചൂരല്‍മല, അട്ടമല, വെള്ളരിമല, മുണ്ടക്കൈ പ്രദേശങ്ങള്‍ ചെറിയതോതിലുള്ള ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കണ്ടെത്തിയിരുന്നു.

ദുരന്തമേഖലയില്‍ കൂടുതല്‍ വിശദമായ പഠനം നടത്താന്‍ ജി.എസ്.ഐ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കുക.

content highlights: Wayanad Landslide Caused by Heavy Rain; Report of the Geological Survey of India

Latest Stories

We use cookies to give you the best possible experience. Learn more