വയനാട്: മുണ്ടക്കൈ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണി മുതല്‍ തുടരുകയാണ്. ബെയിലി പാലത്തിന്റെ നിര്‍മാണം ഉച്ചയോടെ പൂര്‍ത്തിയാകുമെന്ന് റവന്യൂമന്ത്രി എ. രാജന്‍ അറിയിച്ചു.
സൈന്യത്തിന്റെ എഞ്ചിനിയറിങ് വിഭാഗമാണ് പാലത്തിന്റെ ജോലി ഏറ്റെടുത്തിരിക്കുന്നത്. ബെയിലി പാലം നിര്‍മിക്കാനുള്ള പ്രത്യേക സാമഗ്രികള്‍ രാവിലെ കണ്ണൂര്‍ വിമാനത്താളവത്തില്‍ എത്തിക്കും. ഇതുമായി റോഡ് മാര്‍ഗമാണ് വയനാട്ടിലേക്ക് കൊണ്ടുപോകുക.
ബെയിലി പാലം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്ത്യഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് വന്ന് പാലത്തിനായുള്ള അളവ് എടുത്ത് സൗകര്യങ്ങള്‍ നോക്കിയിട്ടുണ്ട്. രാത്രി തന്നെ കേണല്‍ റിഷിയുടെ സംഘം ഇവിടെ എത്തിയാണ് പാലത്തിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട് നിന്ന് അവര്‍ ഒരു മണിക്കൂര്‍ മുന്‍പ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. അതിന് പുറമെ പാലം നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും.
ഉച്ചയോടെ അവര്‍ക്ക് ഇവിടെ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെയിലി പാലം കൂടി വേഗതയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ ജെ.സി.ബിയും ഹിറ്റാച്ചിയും അകത്ത് കടത്തിവിടാന്‍ കഴിയും. ജീവനോടെയുള്ള ആളുകള്‍ അവിടെയുണ്ടെന്ന് മനസിലാക്കിയിട്ടുണ്ട്. മാര്‍ക്ക് ചെയ്ത് സ്‌കെച്ച് ഉണ്ടാക്കിയാണ് ഇന്നത്തെ പ്ലാന്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. എത്രയും പെട്ടെന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം തന്നെ മാറിക്കിടക്കുകയാണ്. നിരവധി പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്.
ബന്ധുക്കളുടെ തേങ്ങല്‍ നമുക്ക് സഹിക്കാനാവുന്നില്ല. രാത്രി ഏറെ വൈകിയും രക്ഷപ്പെട്ടു വന്നവരുടെ മനോനില നമ്മളില്‍ പ്രയാസമുണ്ടാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ ആറ് മണിക്ക് തന്നെ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ സംവിധാനത്തേയും കോഡിനേറ്റ് ചെയ്തുള്ള ഓപ്പറേഷനാണ് നടക്കുന്നത്. ആളുകളെ എത്രയും പെട്ടെന്ന് പുറത്തേക്ക് കൊണ്ടുവരിക എന്നതിനാണ് പ്രധാന്യം നല്‍കുന്നത്, മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗത്തില്‍ മറ്റുകാര്യങ്ങള്‍ തീരുമാനമാകും.
484 പേരെ ഇന്നലെ രക്ഷിക്കാന്‍ പറ്റിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനം ഏകോപനത്തോടെയാണ് പോകുന്നത്. മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളും തൊട്ടടുത്ത ജില്ലയിലെ ജനങ്ങളുമടക്കം എല്ലാ നിലയിലും ഇടപെടുകയാണ്.
ഞങ്ങളുടെ ജീവന്‍ പോയാലും വേണ്ടില്ല, ഇടപെടാന്‍ തയ്യാറാണ് എന്ന നിലയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. വാക്കുകള്‍കൊണ്ട് വിവരിക്കുന്നതിന് അപ്പുറമാണ് ഇത്. കേരളത്തിന്റേതായ പ്രത്യേകതയാണ് ഇതെന്നും മന്ത്രി പറഞ്ഞു.
രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. 151 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മുണ്ടക്കൈയില്‍ മാത്രം 400 വീടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 30 വീടുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
Content Highlight: Wayanad landslide Baily Bridge Work Finished soon Minister K Rajan