കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്നേക്ക് ഒരാഴ്ച. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 369 പേരാണ് ഇതുവരെ ദുരന്തത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ഔദ്യോഗിക കണക്കുകളില്‍ 221 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 180 പേരെ ഇനിയും കണ്ടെത്താനുള്ളതായിട്ടാണ് കണക്കുകള്‍ പറയുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. തിരച്ചില്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.
മണ്ണിനടയിലുള്ള വസ്തുവിന്റെ രൂപം അറിയുന്ന തരത്തിലുള്ള ഐബോര്‍ഡ് സംവിധാനം ഇന്ന് കുടുതല്‍ മേഖലയില്‍ പരിശോധനക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് തിരച്ചിലിന് പോകുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പാസ് നല്‍കിയാണ് സന്നദ്ധ പ്രവര്‍ത്തകരെ തിരച്ചിലിന് കടത്തിവിടുന്നത്. ആളുകളുടെ എണ്ണം കൂടുന്നത് തിരച്ചിലില്‍ പ്രതിസന്ധിയുണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റവും കൂടുതല്‍ മൃതദേഹങ്ങളും ശരീര അവശിഷ്ടങ്ങലും കണ്ടെത്തിയ ചാലിയാറിലും ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. പഞ്ചായത്ത് അംഗങ്ങളും നേതൃത്വത്തിലാണ് ഇന്ന് തിരച്ചില്‍. ഓരോ വാര്‍ഡ് പരിധിയിലും എട്ട് പേര്‍ അടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്.
അതേസമയം ഒരാഴ്ചക്ക് ശേഷം വയനാട്ടിലെ സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളാണ് ഇന്ന് തുറക്കുക.
content highlights: Wayanad Landslide; A week to the day of the catastrophe; Death toll 369, search nears end