ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 270 പേരാണ് മരിച്ചത്. 200ലേറെ പേരെ കാണാതായിട്ടുണ്ട്
മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 270 പേരാണ് മരിച്ചത്. 200ലേറെ പേരെ കാണാതായിട്ടുണ്ട്. മേപ്പാടി സർക്കാർ ആശുപത്രിയിൽ ഇന്നെത്തിച്ചത് 34 മൃതദേഹങ്ങളാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് മാത്രം ഇന്ന് കണ്ടെടുത്തത് 71 മൃതദേഹങ്ങളാണ്.
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തിനു വെല്ലുവിളിയായ രീതിയിൽ മുണ്ടക്കൈ പുഴയിൽ കുത്തൊഴുക്കുണ്ട്. സൈന്യം ഇന്നലെ നിർമിച്ച മേൽപാലം വെള്ളത്തിൽ മുങ്ങി. ചൂരൽമലയിലെ പാലം പണി പുരോഗമിക്കുകയാണ്. നിലവിൽ ചാലിയാറിൽ ഇന്നത്തെ തെരച്ചിൽ നിർത്തി വെച്ചു. നാളെ രാവിലെ വീണ്ടും തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ഉരുള്‍പൊട്ടലിനെക്കുറിച്ച് കേരളത്തിന് രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന ആഭ്യന്തര മന്ത്രി അമിത്‌ഷായുടെ പ്രസ്താവന മുഖ്യമന്ത്രി തള്ളി. അമിത്ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം ഉണ്ടായശേഷമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. വയനാട് വെച്ചാണ് സര്‍വകക്ഷിയോഗം ചേരുക. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ വയനാട് എത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധനസഹായവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പിന്നീടുള്ള യോഗങ്ങളില്‍ എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: wayanad land slide; death toll rises to 270 in mundakkai-chooralalmala