| Wednesday, 10th February 2021, 7:32 pm

'പറന്ന് കാണാം വയനാട്';ചുരത്തിനുമുകളിലൂടെ വയനാടിനെ അറിഞ്ഞ് ഒരു ഹെലികോപ്റ്റര്‍ യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ‘ബ്ലൂവേവ്‌സ് ‘ ഒരുക്കുന്ന ‘പറന്ന് കാണാം വയനാട്’ ഫെബ്രുവരി 13,14 തീയതികളില്‍ നടക്കും. വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാണ് അഞ്ചുമിനുട്ട് നീളുന്ന ആകാശയാത്രയ്ക്ക് തുടക്കം.

ചുരത്തിനുമുകളിലൂടെ പറന്ന് വയനാടിന്റെ സര്‍വസൗന്ദര്യങ്ങളും ഒപ്പിയെടുക്കാന്‍ പാകത്തിലായിരിക്കും യാത്ര. ഹെലികോപ്റ്റര്‍ റൈഡിലേക്ക് ഇതിനകം നിരവധിപേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

വാലന്റെന്‍സ് ദിനത്തില്‍ പ്രണയിനികള്‍ക്കും കൂടാതെ കുടുംബത്തിനും പ്രത്യേക പാക്കേജും കുട്ടികളുടെ ഗ്രൂപ്പുകള്‍ക്ക് പറക്കാനുള്ള അവസരവുമുണ്ടാകും. 3,199 രൂപയാണ് അഞ്ചുമിനുട്ട് യാത്രയ്ക്ക് ഈടാക്കുന്നത്. കുട്ടികളുടെ ഗ്രൂപ്പിന് ഇതിലും ഇളവുണ്ടാകും.

ലക്കിടി, പൂക്കോട് തടാകം, വൈത്തിരി തേയിലതോട്ടങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍…തുടങ്ങി വയനാടിന്റെ ഹൃദയഭാഗങ്ങളെല്ലാം ആസ്വദിക്കുന്ന രീതിയിലാവും യാത്ര. താമസം വേണ്ടവര്‍ക്ക് ത്രീസ്റ്റാര്‍ സൗകര്യങ്ങളോടെ താമസവും ഹെലികോപ്റ്ററില്‍ ഫോട്ടോഷൂട്ടിനുള്ള അവസരവുമുണ്ടാകും.

കൊവിഡ്കാലത്ത് ഉറങ്ങിപ്പോയ വയനാടന്‍ ടൂറിസത്തെ പഴയതുപോലെ സജീവമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആകാശയാത്രയും താമസസൗകര്യവും റൈഡ് മാത്രവുമുള്ള പാക്കേജിലേക്ക് ബുക്കിംങ് തുടങ്ങി.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 9446694462, 7902744930.

We use cookies to give you the best possible experience. Learn more