| Saturday, 17th February 2024, 1:17 pm

പുല്‍പ്പള്ളിയില്‍ വന്‍ജനരോഷം; ലാത്തിച്ചാര്‍ജ്ജും കല്ലേറും; പ്രതിഷേധം അക്രമാസക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുല്‍പ്പള്ളി: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ പുല്‍പ്പള്ളിയില്‍ വന്‍പ്രതിഷേധം. വന്യജീവി ആക്രമത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുമാണ് ഏറ്റുമുട്ടിയത്. ഫോറസ്റ്റ് ജീപ്പ് ആക്രമിച്ചതിന് പിന്നാലെ പൊലീസ് വാഹനത്തിന് നേരെയും ആക്രമണം നടന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വലിയ വാക്കേറ്റവും ഉന്തും തള്ളും നടക്കുകയാണ്.

ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി പുല്‍പ്പള്ളിയിലെത്തിയിരിക്കുന്നത്. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു.

ജീപ്പിന് പൊലീസ് സംരക്ഷണം നല്‍കിയെങ്കിലും ജനങ്ങളുടെ രോഷപ്രകടനവും പ്രതിഷേധവും തുടര്‍ന്നു. ടി.സിദ്ദിഖ് എം.എല്‍.എ ഉള്‍പ്പടെയുള്ളവര്‍ നിയന്ത്രിക്കാനെത്തിയെങ്കിലും അദ്ദേഹത്തിനെതിരെയും പ്രതിഷേധമുണ്ടായി.

പ്രതിഷേധം മൊബൈലില്‍ ചിത്രീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചതോടെ സിദ്ദിഖിന് നേരേയും കയ്യേറ്റശ്രമം നടന്നു.

തുടര്‍ന്ന് ജീപ്പിന് മുകളില്‍ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാര്‍ ജീപ്പിന് മുകളില്‍ വച്ചു.

വയനാട് കേണിച്ചിറയിലാണ് കടുവയുടെ ആക്രമണത്തില്‍ പശു ചത്തത്. വാഴയില്‍ ഗ്രേറ്ററിന്റെ പശുവിനെയാണ് കടുവ കൊന്നത്. വീടിന് സമീപം കെട്ടിയ പശുവിനെയാണ് കൊന്നത്.

വയനാട്ടില്‍ ഒരാഴ്ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു പേരാണ് മരിച്ചത്. വനംവകുപ്പും സര്‍ക്കാരും സംരക്ഷണമൊരുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്.

ജില്ലയില്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരന്‍ വെള്ളച്ചാലില്‍ പോള്‍ (55) ആണ് വെള്ളിയാഴ്ച കാട്ടായാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പോളിന്റെ മൃതദേഹം ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഇന്നാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

Content Hilight: Wayanad harthal and Protest Police lathicharge

We use cookies to give you the best possible experience. Learn more