COVID-19
കയ്യിലുള്ളത് ഇതാണ്; കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് കര്‍ഷകന്‍ നല്‍കിയത് കപ്പ; അഭിനന്ദിച്ചും നന്ദി പറഞ്ഞും മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 13, 01:36 pm
Monday, 13th April 2020, 7:06 pm

പുല്‍പ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കപ്പ സംഭാവന ചെയ്ത വയനാട് മുള്ളന്‍കൊല്ലിയിലെ കര്‍ഷകനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുല്‍പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണിയാണ് പത്ത് ടണ്‍ കപ്പ സംഭാവന ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ വിളവാണ് കര്‍ഷകന്‍ സംഭാവന ചെയ്തത്.

കപ്പ സംഭാവന നല്‍കാനുള്ള ആശയം കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനോടാണ് റോയി ആദ്യം പറഞ്ഞത്. മന്ത്രി ഇടപെട്ടതോടെയാണ് ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ കൃഷിയിടത്തിലെത്തി കപ്പ ശേഖരിച്ചത്.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കൈയില്‍ കാര്യമായി പണമില്ല. അതിനാലാണ് കപ്പ സംഭാവനയായി നല്‍കിയതെന്നായിരുന്നു റോയി സംഭാവനയേക്കുറിച്ച് പറയുന്നത്.