| Saturday, 25th March 2017, 5:12 pm

മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ല; വയനാട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി കാത്തു നിന്നത് 24 മണിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: രൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്ന് ജല ദൗര്‍ലഭ്യം നേരിടുന്ന കേരളത്തില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. വയനാട്ടില്‍ മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത് 24 മണിക്കൂര്‍ കഴിഞ്ഞ്. മാനന്തവാടി എടവക പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ കുന്നുമംഗലം കുട്ടിക്കുടി പണിയ കോളനിയിലാണ് ജനങ്ങള്‍ക്ക വെള്ളത്തിനായി 24 മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വന്നത്.


Also read വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം കുറക്കുക; സംസ്ഥാനത്ത് 30ന് മോട്ടോര്‍ വാഹന പണിമുടക്ക്


വ്യാഴാഴ്ച ഉച്ചയ്ക്കാണ് പണിയ കോളനിയിലെ തൊപ്പി(80) മരണപ്പെട്ടത്. എന്നാല്‍ ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ വെള്ളിയാഴ്ചയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നത്. ജലനിധി പദ്ധതിയില്‍ സ്ഥാപിച്ച പെപ്പുകളിലും പ്രദേശത്തെ കിണറുകളിലും വെള്ളമില്ലാതെവന്നതോടെയാണ് നാട്ടുകാര്‍ക്ക് മൃതദേഹവുമായി കാത്ത് നില്‍ക്കേണ്ടി വന്നത്.

രണ്ടു കിലോമീറ്റര്‍ അകലെ നിന്നും തലച്ചുമടായി വെള്ളമെത്തിച്ചാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. ജലനിധി പദ്ധതിയില്‍ സ്ഥാപിച്ച പെപ്പുകളിലൂടെയാണ് കോളനിയില്‍ വെള്ളം എത്തിയിരുന്നത്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പൈപ്പുകള്‍ തകരാറിലാവുകയായിരുന്നു.

മരണവീട്ടിലെത്തിയവര്‍ക്ക് കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വെള്ളമുണ്ടായിരുന്നില്ല. സഹായത്തിനായി ട്രൈബല്‍ പ്രമോട്ടര്‍മാരെയും വാര്‍ഡ് മെമ്പറെയും ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more