| Thursday, 8th August 2024, 10:31 am

വയനാട് ദുരന്തം പത്താം ദിനം; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവർക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം മൃതദേഹം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്ന് കൂടുതൽ പരിശോധന നടത്തുക. ചാലിയാറിലും ചൂരൽമല പ്രദേശങ്ങളിലും പതിവ് തിരച്ചിൽ ഉണ്ടാകും.

ഇന്നലെ ചാലിയാറിൽ നിന്ന് ഒരു മൃതദേഹവും നാല് മൃതദേഹ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. രാവിലെ പതിനൊന്നരയോട് കൂടിയാണ് മൈലാടി പാലത്തിന് സമീപത്ത് നിന്ന് പുരുഷന്റെ അരക്ക് മുകളിലുള്ള ഭാഗം ലഭിച്ചത്.

പിന്നാലെ നാല് ശരീരഭാഗങ്ങളും കണ്ടെടുത്തു. ഇതോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേശങ്ങൾ 77 ഉം ശരീരഭാഗങ്ങൾ 169ഉം ആയി.

ആറ് സോണുകളായി തിരിച്ചാണ് തിരച്ചിൽ ഉണ്ടാവുക. കഡാവർ നായകളും തിരച്ചിലിന് ഉണ്ടാകും. തമിഴ് നാട്ടിൽ നിന്നും കഡാവർ നായകളെ കൊണ്ടുവന്നിട്ടുണ്ട്. ചൂരൽ മലയിലേക്ക് പ്രദേശവാസികളെ കൊണ്ടുവരുമെന്നും അവരെയും തിരച്ചിലിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.
മുണ്ടക്കൈയിലെ സെന്റിനൽ റോക്ക് എസ്റ്റേറ്റ് ഭാഗത്തും വിപുലമായ തിരച്ചിൽ നടക്കുന്നുണ്ട്.

അതോടൊപ്പം ശനിയാഴ്ച്ച പ്രധാനമന്ത്രി വയനാട് സന്ദർശിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനയും ഇന്ന് നടക്കും. ഇത് വരെ 413 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 16 ക്യാമ്പുകളിയായി 1968 പേരാണ് കഴിയുന്നത്. ദുരന്ത ബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.

നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളിൽ പോകുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്നും മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ കണ്ടെത്തി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

ഇതിനായി സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. സ്ഥിരം വീടുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. ഇതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഫ്രീഫാബ്‌ സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങൾ ഒരുക്കും. പുനരധിവാസത്തിന് ഭാഗമായുള്ള ടൗൺഷിപ് പദ്ധതിയാണ് മൂന്നാം ഘട്ടത്തിൽ നടപ്പിലാക്കുക.

ജൂലൈ 30ന് പുലർച്ചെ ഒരുമണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. രണ്ടരയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടാവുകയായിരുന്നു. തുടർന്ന് മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത നാശനഷ്ടമുണ്ടാവുകയും നിരവധിപേർ മരണപ്പെടുകയും ചെയ്തു. 130 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

Content Highlight: wayanad disaster search more extensive for  tenth day

We use cookies to give you the best possible experience. Learn more