Kerala News
വയനാട് ദുരന്ത സഹായം; സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 06, 05:59 am
Friday, 6th December 2024, 11:29 am

ന്യൂദല്‍ഹി: വയനാട് ദുരന്ത സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് വയനാട് എം.പി പ്രിയങ്ക ഗാന്ധി നല്‍കിയ കത്തിന് മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ നിവേദനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്നതാണ് സഹായം വൈകുന്നതിനുള്ള കാരണമായി പറയുന്നത്.

സംസ്ഥാനം വിശദമായ നിവേദനം നല്‍കാന്‍ വൈകിയെന്നും നവംബര്‍ 13നാണ് നിവേദനം നല്‍കിയതെന്നും മറുപടിയില്‍ പറയുന്നു.

നിവേദനം നല്‍കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ മൂന്നരമാസം വൈകിപ്പിച്ചുവെന്നും എന്നാല്‍ കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നുമാണ് അമിത് ഷായുടെ മറുപടി.

വിശദമായ നിവേദനം നല്‍കിയത് വൈകിയതാണ് സഹായം നല്‍കുന്നതില്‍ കാലതാമസമുണ്ടാക്കുന്നതെന്നും 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് മൂന്നരമാസത്തിന് ശേഷമാണെന്നും മറുപടി കുറിപ്പില്‍ പറയുന്നു.

ദുരന്തത്തിന് ശേഷം കേന്ദ്രം കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും 291 കോടി രൂപയുടെ സഹായം കേന്ദ്രം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധിക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

കേന്ദ്രത്തിന്റെ സഹായങ്ങള്‍ സംസ്ഥാനത്തിന് ദുരന്തനിവാരണത്തിനും ബെയ്‌ലി പാലം നിര്‍മിക്കുമ്പോഴുമെല്ലാം നല്‍കിയിട്ടുണ്ടെന്നുമാണ് അമിത് ഷായുടെ മറുപടി.

പുനരധിവാസത്തിനുള്‍പ്പെടെയുള്ള പണം കേന്ദ്രം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും എത്ര നല്‍കുമെന്നോ ദുരന്തത്തെ ഏത് വിഭാഗത്തില്‍പ്പെടുത്തുമെന്നോ കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

Content Highlight: Wayanad Disaster Relief; The central government blamed the state