| Friday, 10th January 2025, 11:08 am

എന്‍.എം. വിജയന്റെ ആത്മഹത്യ കേസ്; പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ജില്ല വിട്ടു, അറസ്റ്റിന് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ജില്ല വിട്ടതായി സൂചന.

സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ നിലവില്‍ സ്വിച്ച് ഓഫായ നിലയിലാണ്. ഇതോടെ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് നടപടി ആരംഭിച്ചതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഐ.സി. ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളെ കേസില്‍ പ്രതി ചേര്‍ത്തത്. എം.എല്‍.എയ്ക്ക് പുറമെ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവരില്‍ പി.വി. ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേരുകയും അടുത്തിടെ മരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ മറ്റു മൂന്ന് നേതാക്കള്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് അദ്ദേഹം തന്നെ എഴുതിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയെ കേസില്‍ പ്രതി ചേര്‍ത്തത്.

ആത്മഹത്യ കുറിപ്പില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ എന്‍.എം. വിജയന്‍ പറയുന്നുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു.

അതേസമയം എന്‍.എം. വിജയന്റെ ആത്മഹത്യയില്‍ കോണ്‍ഗ്രസിനെതിരായ സമരം ശക്തമാക്കുമെന്ന് സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.

‘പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായിരുന്നിട്ട് പോലും എന്‍.എം. വിജയന്റെ മരണത്തിലും അതുസംബന്ധിച്ച കേസിലും എം.പി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല ,’  റഫീഖ്

ഐ.സി. ബാലകൃഷ്ണന്‍ രാജിവെക്കണമെന്ന ആവശ്യവും സി.പി.ഐ.എം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്‍.എം. വിജയന്റെ വീട് സന്ദര്‍ശിച്ച് വിഷയം ഒതുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കെ.പി.സി.സിയുടെ അന്വേഷണ സമിതിയിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ഡിസംബര്‍ 24നാണ് എന്‍.എം. വിജയന്‍ മാനിസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നല്‍കി മരണം ഉറപ്പാക്കിയതിന് ശേഷം ആത്മഹത്യ ചെയ്തത്.

Content Highlight: Wayanad DCC Treasurer N.M. Vijayan’s suicide case, the Congress leaders have left the district

We use cookies to give you the best possible experience. Learn more