കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരലമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അനാവശ്യ വിവാദമുണ്ടാക്കിയതായി ആരോപണം. രക്ഷാപ്രവര്‍ത്തകര്‍ക്ക് സന്നദ്ധസംഘടനകള്‍ ഭക്ഷണം നല്‍കരുതെന്ന് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയതായാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വയനാട് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ബാബു അജിത് കുമാറിനെതിരെ രംഗത്തെത്തിയത്.
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മന്ത്രിമാര്‍ സ്ഥലത്തില്ലാതെയിരിക്കെയാണ് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ സന്നദ്ധസംഘടനകളെ തടഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അജിത് കുമാറിനെതിരെ വയനാട് സി.പി.ഐ ജില്ലാ നേതൃത്വം ആരോപണം ഉന്നയിക്കുന്നത്.
ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോട് അറിയിച്ചിരുന്നതായും ടി.ജെ. ബാബു വ്യക്തമാക്കി. റവന്യൂ മന്ത്രിയായ കെ. രാജന്റെ മറ്റു ആവശ്യങ്ങള്‍ക്കായി തന്റെ ജില്ലയിലേക്ക് പോയ സമയം നോക്കിയാണ് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സന്നദ്ധസംഘടനകളെ വിലക്കിക്കൊണ്ട് സര്‍ക്കാരോ മന്ത്രിമാരോ തീരുമാനമെടുത്തിരുന്നില്ലെന്നും എന്നാല്‍ എ.ഡി.ജി.പി അജിത് കുമാര്‍ വിഷയത്തില്‍ അനാവശ്യമായി ഇടപെടുകയായിരുന്നുവെന്നുമാണ് സി.പി.ഐ പറഞ്ഞത്. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാനുള്ള ശ്രമമാണ് അജിത് കുമാര്‍ നടത്തിയതെന്നും ടി.ജെ. ബാബു പറഞ്ഞു.
സന്നദ്ധസംഘടനകളെ തടഞ്ഞതില്‍ മുസ്‌ലിം ലീഗ്, വൈറ്റ് ഗാര്‍ഡ് അടക്കമുള്ളവര്‍ പരസ്യമായി സര്‍ക്കാരിനെതിരെയും മറ്റു രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ നീക്കം എ.ഡി.ജി.പി ബോധപൂര്‍വം നടത്തിയതാണെന്ന് അന്നേ സംശയം തോന്നിയിരുന്നതായും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ്, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ഭരണപക്ഷ എം.എല്‍.എ. കൂടിയായ പി.വി. അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് ഈ ഉദ്യോഗസ്ഥര്‍ നടത്തുന്ന ക്രമക്കേടുകള്‍ അറിയുമോ എന്ന സംശയവും അന്‍വര്‍ ഉന്നയിച്ചിരുന്നു.
അന്‍വറിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ചില കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്. എം.ആര്‍. അജിത് കുമാര്‍ കവടിയാര്‍ കൊട്ടാരത്തിന് സമീപം കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അവിടെ കൊട്ടാരസമാനമായ വീടിന്റെ നിര്‍മാണം നടക്കുന്നതായും ഇന്നലെ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തും കൊലപാതകവുമടക്കമുള്ള കുറ്റങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ നടത്തിയെന്നും അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അഞ്ചംഗ പ്രത്യക അന്വേഷണ സംഘത്തെയാണ് പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഡി.ജി.പി ഷെയ്ക് ദര്‍വേഷ് സാഹിബ് ഒഴികെയുള്ളവര്‍ ആരോപണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരാണ്.
Content Highlight: Wayanad CPI district leadership with allegations against ADGP Ajit Kumar