| Wednesday, 29th July 2020, 9:44 am

വയനാട് തവിഞ്ഞാലില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; രോഗ സ്ഥിരീകരണം ആന്റിജന്‍ പരിശോധനയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് വ്യാപനത്തില്‍ ആശങ്കയേറുന്നു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ മാത്രം 26 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. നേരത്തെ ഇവിടെ 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നും കൂടുതല്‍ പരിശോധന നടക്കും.

വാളാട് നടന്ന മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ബന്ധുക്കള്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രിത മേഖലയാക്കിയിട്ടുണ്ട്.

ഇന്നലെ മാത്രം വയനാട്ടില്‍ 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തു നിന്നും എത്തിയതാണ്. ബത്തേരിയിലെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വാളാട് കേന്ദ്രീകരിച്ച് മെഡിക്കല്‍ സംഘം പരിശോധന തുടരുന്നുണ്ട്. തവിഞ്ഞാല്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് കാണുന്നുണ്ട്.

ജൂലൈ മാസം 19 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടയാളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് പനി ലക്ഷണങ്ങള്‍ കണ്ട് പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു ഏഴ് പേര്‍ക്കും കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. മരണാന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ തൊട്ടടുത്ത ദിവസം സമീപത്ത് നടന്ന വിവാഹചടങ്ങിലും പങ്കെടുക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more