കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ച ആള്‍ക്ക് പരിഹാസം
Kerala News
കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ച ആള്‍ക്ക് പരിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 1:54 pm

കല്‍പ്പറ്റ: കനത്തമഴയെ തുടര്‍ന്ന് സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ച രക്ഷകര്‍ത്താവിനെ പരിഹസിച്ചെന്ന് പരാതി.

മാനന്തവാടി വാളാടില്‍ താമസിക്കുന്ന മുഹമ്മദാണ് ഇന്നലെ രാവിലെ ആറരയ്ക്ക് സ്‌കൂള്‍ ഉണ്ടോ എന്നറിയാന്‍ കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ചത്.

മറുതലയ്ക്കല്‍ ഫോണെടുത്ത ആള്‍ കളിയാക്കി “സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോ, സ്‌കൂള്‍ എവിടെപ്പോകാനാ” എന്ന മറുപടിയാണ് മുഹമ്മദിന് നല്‍കിയത്.


Read:  സ്വവര്‍ഗാനുരാഗം ഹിന്ദുത്വയ്ക്ക് എതിരാണ്; ചികിത്സിച്ച് ഭേദമാക്കാന്‍ ഇന്ത്യ ഗവേഷണം നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


തുടര്‍ന്ന് കലക്ടര്‍ ഓഫീസില്‍ പരാതി നല്‍കി. പരാതിയില്‍ വകുപ്പുതല അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഹമ്മദലി ഇന്നലെ രാവിലെ ആറരയ്ക്കാണ് സ്‌കൂളിന് അവധിയുണ്ടോ എന്നറിയാന്‍ കലക്ടറേറ്റിലേക്കു വിളിച്ചത്.

സാറേ ഇന്നു സ്‌കൂള്‍ ഉണ്ടോ എന്നറിയാനാ വിളിച്ചത് എന്നു പറഞ്ഞപ്പോള്‍, സ്‌കൂള്‍ അവിടെത്തന്നെയുണ്ടല്ലോ എന്ന് മറുപടി കൊടുത്ത് മുഹമ്മദലിയെ പരിഹസിച്ച ഉദ്യോഗസ്ഥന്‍, നിങ്ങള്‍ വിദ്യാഭ്യാസമുള്ള ആളല്ലേ, സ്‌കൂള്‍ ഉണ്ടോ എന്നാണോ, സ്‌കൂളിന് അവധിയുണ്ടോ എന്നല്ലേ ചോദിക്കേണ്ടത് എന്ന ഉപദേശവും നല്‍കി.

പ്രകൃതിദുരന്തങ്ങള്‍ മൂലം സ്‌കൂളിന് അവധിയുണ്ടെങ്കില്‍ 9207985027 എന്ന നമ്പറില്‍ വിവരം ലഭിക്കുമെന്നുള്ള വയനാട് കലക്ടറുടെ അറിയിപ്പ് മാധ്യമങ്ങളില്‍ കണ്ടതിനെത്തുടര്‍ന്നാണ് മുഹമ്മദലി ഫോണ്‍ വിളിച്ചത്.

സംഭാഷണത്തിനൊടുവില്‍ ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചപ്പോള്‍ ഫോണ്‍ വയ്ക്കുകയും ചെയ്തു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത മുഹമ്മദലി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.


Read: വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ പത്ത് ടിപ്‌സുകളുമായി വാട്‌സ്ആപ്പിന്റെ പത്രപ്പരസ്യം


ഫോണെടുത്ത ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും ഇദ്ദേഹത്തെ കണ്ടെത്തി ഉടന്‍ തന്നെ നടപടിയെടുക്കുമെന്നും കലക്ടറുടെ ഓഫിസ് അറിയിച്ചു.

റവന്യു, പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഡ്യൂട്ടിക്കെത്തുന്നത്.

സംഭാഷണം ഇങ്ങനെ:

മുഹമ്മദലി: സാറെ വാളാട്ന്നാ വിളിക്കുന്നെ, ഇന്ന് സ്‌കൂളുണ്ടാകുമോ. എന്താ സ്ഥിതി അറിയാന്‍ വേണ്ടി വിളിച്ചതാ

ഉദ്യോഗസ്ഥന്‍: സ്‌കൂളുണ്ടല്ലോ സ്‌കൂളെവിടെപ്പോകാനാ

മുഹമ്മദലി: അതല്ല, പഠനമുണ്ടാകുമോന്നുള്ളതാ

ഉദ്യോഗസ്ഥന്‍: ഏ?

മുഹമ്മദ്: ഇന്നു പഠിപ്പുണ്ടാകുമോ എന്നറിയാനാ..

ഉദ്യോഗസ്ഥന്‍: പഠിപ്പുണ്ടാകും പഠിപ്പുണ്ടാകും… എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കും.

മുഹമ്മദ്: അതെന്താ നിങ്ങള്‍ നിങ്ങളെ വിളിച്ചുചോദിക്കുമ്പോള്‍ സ്‌കൂള്‍ എവിടെപ്പോകാനാ എന്നുള്ള ചോദ്യം ചോദിക്കുന്നെ?


Read: എതിര്‍ രാജ്യങ്ങളെ അഭിനന്ദിച്ചതിന് ഷോയിബ് അക്തറിനും മുഹമ്മദ് കൈഫിനും ട്രോള്‍


ഉദ്യോഗസ്ഥന്‍: അല്ല, സ്‌കൂളുണ്ടോ എന്നു പറയുമ്പോള്‍ പഠിത്തം ഉണ്ടോ എന്ന് ചോദിക്കണ്ടേ നിങ്ങള്‍ വിദ്യാഭ്യാസമുള്ളയാളല്ലേ, പഠിത്തമുണ്ടോ എന്നു ചോദിക്കലല്ലേ… സ്‌കൂള്‍ എവിടെപ്പോകാനാ… (പിന്നീട് പറയുന്നത് വ്യക്തമല്ല)

മുഹമ്മദ്: ഞാനൊരു പഠിപ്പിക്കുന്ന ആളൊന്നുമല്ല, ഞാനൊരു രക്ഷിതാവ് എന്ന നിലയ്ക്കാണ് വിളിച്ചത്

ഉദ്യോഗസ്ഥന്‍: അല്ല അതുതന്നെയാണ് ചോദിച്ചത്. സ്‌കൂള്‍ അവിടെയുണ്ട്. സ്‌കൂള്‍ ഉണ്ടല്ലോ. സ്‌കൂള്‍ എവിടെപ്പോകാനാ? സ്‌കൂള്‍.. പഠിത്തമില്ല, പഠിത്തമുണ്ട്. പഠിത്തമുണ്ടെങ്കില്‍ ടി.വിയിലൊക്കെ അറിയിക്കും.

മുഹമ്മദ്: അല്ല, ഇങ്ങനെയുള്ള മറുപടി തരാനാണോ ഈ നമ്പര്‍ ഞങ്ങള്‍ക്കു വിട്ടുതന്നിട്ടുള്ളത്?

ഉദ്യോഗസ്ഥന്‍: അതല്ലേ പറഞ്ഞത്, പിന്നെ ഉണ്ടെങ്കില്‍ അറിയിക്കുമെന്നു പറഞ്ഞില്ലേ?


Read:  ജി.എൻ.പി.സി വാർഷികാഘോഷം നടന്ന ഹോട്ടലിൽ അന്വേഷണം; പിന്നിൽ മദ്യക്കമ്പനികളെന്ന് പൊലീസ്


മുഹമ്മദ്: അല്ല, അതല്ലല്ലോ കലക്ടറേറ്റിലാണ് ഞാന്‍ വിളിച്ചത്. ഒരു ജില്ലയുടെ സിരാകേന്ദ്രത്തിലേക്കാണു ഞാന്‍ വിളിച്ചത്

ഉദ്യോഗസ്ഥന്‍: അതല്ലേ ഞാന്‍ പറഞ്ഞത്, സ്‌കൂളുണ്ടെന്നല്ലേ പറഞ്ഞത്, സ്‌കൂളില്ലാന്നല്ലല്ലോ പറഞ്ഞത്. സ്‌കൂളുണ്ട് എന്നല്ലേ പറഞ്ഞത്.

മുഹമ്മദ്: സ്‌കൂള്‍ അവിടെയുണ്ടല്ലേ, എവിടെപ്പോകാനാണ് എന്നാണു നിങ്ങള്‍ മറുപടി തന്നിട്ടുള്ളത്.

ഉദ്യോഗസ്ഥന്‍: അതാ പറഞ്ഞത് ഞാന്‍ പറഞ്ഞത് ടിവിയില്‍ അറിയിക്കും. എന്തെങ്കിലുമുണ്ടെങ്കില്‍ വാര്‍ത്തയില്‍ അറിയിക്കും

മുഹമ്മദ്: നിങ്ങളുടെ പേരൊന്ന്

(ഫോണ്‍ കട്ട് ചെയ്യുന്നു)