| Tuesday, 30th July 2019, 11:52 pm

കാലാവസ്ഥാ വ്യതിയാനവും പ്രളയവും വയനാടിനെ ബാധിക്കുന്നത് ഇങ്ങനെയൊക്കെയാണ്

നിമിഷ ടോം

സമീപ വര്‍ഷങ്ങളിലായി വയനാട്ടിലെ ഭൂവിനിയോഗത്തിലും കാര്‍ഷികരീതിയിലുമുണ്ടായ മാറ്റങ്ങള്‍ ജില്ലയിലെ കാലാവസ്ഥയെ എങ്ങനെയാണ് ബാധിച്ചത് എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞ സുമ വിഷ്ണുനാഥ്.

വയനാടന്‍ കാലാവസ്ഥയില്‍ സമീപ വര്‍ഷങ്ങളിലായി എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്?

ആഗോള കാലാവസ്ഥാ മാറ്റം അതിവര്‍ഷമായിട്ടും വരള്‍ച്ചയായിട്ടുമൊക്കെ വയനാട്ടിലും അനുഭവപ്പെടുന്നുണ്ട്. പക്ഷേ, സൂക്ഷ്മ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് ആഗോള കാലാവസ്ഥാ മാറ്റത്തേക്കാള്‍ കൂടുതലായി വയനാട്ടില്‍ അനുഭവപ്പെടുന്നത്. അതിന് ഒരുകാരണം അന്തരീക്ഷ ഊഷ്മാവിലുണ്ടായ വലിയ വ്യതിയാനമാണ്.

ഉദാഹരണത്തിന് അമ്പലവയലില്‍നിന്നുള്ള 80 വര്‍ഷത്തെ ഡാറ്റാ പരിശോധിച്ച് ഇപ്പോഴത്തേതുമായി താരതമ്യപ്പെടുത്തിയാല്‍, കുറഞ്ഞ താപനിലയില്‍ 1.1 ഡിഗ്രിയുടെ വര്‍ദ്ധനവും കൂടിയ താപനിലയില്‍ 0.9 ഡിഗ്രിയുടെ വര്‍ദ്ധനവും വയനാട്ടില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. മഞ്ഞുകാലത്തേയും മഴക്കാലത്തേയും വേനല്‍കാലത്തേയും ഊഷ്മാവ് പരിശോധിച്ചാല്‍ ഇത് വളരെയധികം വ്യത്യാസപ്പെട്ട് നില്‍ക്കുന്നത് കാണാം.

അന്തരീക്ഷ താപനിലയില്‍ ഒരു ഡിഗ്രിയുടെ വര്‍ദ്ധനവുപോലും നമ്മുടെ പ്രധാന കാര്‍ഷിക വിളകള്‍ക്കൊന്നും ശുഭകരമല്ല. കാരണം, ഇവിടുത്തെ കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ വിളകള്‍ ഒരു മിത ശീതോഷ്ണ കാലാവസ്ഥയെ ഇഷ്ടപ്പെടുന്നതും മഴക്കാടിന്റെ ആവാസവ്യവസ്ഥയില്‍ വളരുന്നവയുമാണ്. അതുകൊണ്ടാണ് ഇവിടെ കുരുമുളക് ധാരാളമായി വിളഞ്ഞതും കാപ്പിയുണ്ടായതുമൊക്കെ. ഈ കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുന്നു എന്നത് ഒരു കാര്‍ഷിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കാര്‍ഷിക വിളകളുടെ ഉല്‍പാദനം കുറയുന്നതും വിളകള്‍ക്ക് രോഗങ്ങള്‍ ഉണ്ടാവുന്നതും നമ്മള്‍ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്.

ഭൂവിനിയോഗത്തില്‍ വന്ന മാറ്റം വയനാടിനെ എങ്ങനെയാണ് ബാധിച്ചത്?

പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി തുടങ്ങിയ പഞ്ചായത്തുകള്‍ വയനാട്ടിലെ അതീവ വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളാണ്. ഇവിടെ ഭൂഗര്‍ഭ ജലവിതാനം വളരെ കുറവാണ്. പൂതാടി പഞ്ചായത്തിന്റെ ചില ഭാഗങ്ങള്‍, പനമരം, കണിയാമ്പറ്റ, മറ്റ് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ തുടങ്ങിയവയെല്ലാം 2000-3000 മില്ലീമീറ്റര്‍ മഴ ലഭിച്ചാല്‍ത്തന്നെ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളാണ്. മലത്തലപ്പുകളും അധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള ഉയര്‍ന്ന പ്രദേശങ്ങളും മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളാണ്. ഇവയില്‍ നിന്നും മാറിനില്‍ക്കുന്ന പ്രദേശങ്ങള്‍ വയനാട്ടിലില്ല എന്നു തന്നെ പറയാം.

ഇതിന്റെ പരിണിതഫലങ്ങള്‍ കാര്‍ഷിക വിളവിലുണ്ടായ ഇടിവും വിളകള്‍ക്കുണ്ടായ അസുഖങ്ങളും മറ്റുമാണ്. മുപ്പത് സെന്റിലോ അമ്പത് സെന്റിലോ ആയി മണ്ണിനെ പരിപാലിക്കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ട്. കൃഷി രീതികളിലും വ്യത്യാസം വന്നു. ഏക വിളകളാണ് അധികവും കൃഷി ചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഇതെല്ലാം മനസിലാക്കി വേണം നമ്മള്‍ നില്‍ക്കാന്‍. അതുകൊണ്ടുതന്നെ ഭൂവിനിയോഗത്തെ സംബന്ധിച്ചും കൃഷിയെ എങ്ങനെ വിന്യസിപ്പിക്കണമെന്നതിനെ സംബന്ധിച്ചും കൃത്യമായ ധാരണയോടുകൂടി പോയിട്ടില്ലെങ്കില്‍ സമീപ ഭാവിയില്‍ അതിരൂക്ഷമായ പ്രത്യാഘാതങ്ങളെ നേരിടേണ്ടിവരും. ഉയര്‍ന്ന പ്രദേശമാണ് വയനാട്. ഇവിടെത്തന്നെ ഉയര്‍ച്ച താഴ്ച്ചകളും വളരെ അധികമാണ്. അതുകൊണ്ട് വളരെ ശ്രദ്ധയോടെത്തന്നെ ഭൂമിയെയും ജീവിതത്തെയും ആസൂത്രണം ചെയ്യേണ്ടതുണ്ട്.

കൃഷിരീതിയിലുണ്ടായ മാറ്റവും നിര്‍മ്മാണങ്ങളും മണ്ണിനെ ബാധിച്ചത് എങ്ങനെയൊക്കെയാണ്?

ഭൂമി വലിയതോതില്‍ തുണ്ടവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അമ്പത് സെന്റില്‍ താഴെയാണ് അറുപത് ശതമാനത്തോളം ആളുകളുടെ കൈവശമുള്ള ഭൂമി. ബാക്കി ഇരുപത് ശതമാനത്തിന്റെ പക്കലാണ് വലിയ ഭാഗം ഭൂമിയും. കേരളത്തിന്റെ പ്രത്യേക സാഹചര്യം വച്ച് നോക്കിയാല്‍, ഓരോ വ്യക്തികളുടെ കൈവശമുള്ള ഭൂമിയിലും ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളുണ്ട്. അവിടേക്കെല്ലാം റോഡുകളുണ്ട്. അവിടെയെല്ലാം കിണറുകളുമുണ്ട്. ഭൂമിയെ തുണ്ടം തുണ്ടമാക്കി ഉപയോഗിക്കുമ്പോള്‍ ഇതൊക്കെയുണ്ടാക്കുന്നത് വലിയ പ്രശ്‌നങ്ങളാണ്.

ഭൂമിക്ക് മുകളിലുള്ള മരങ്ങളും സസ്യങ്ങളും കൊണ്ടുള്ള ആവരണത്തെ ഈ നിര്‍മ്മാണങ്ങള്‍ വലിയതോതില്‍ കുറച്ചിട്ടുണ്ട്. ഇത് സാധാരണഗതിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ചൂട് കൂട്ടാന്‍ ഇടയാക്കുന്നു. ഇതുകൊണ്ടുകൂടിയാണ് താപനിലയില്‍ 1.1 ഡിഗ്രിയുടെ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

വയനാട്ടിലെ ജലചംക്രമണ വ്യവസ്ഥയും താറുമാറായിരിക്കുകയാണ്. മണ്ണ് സംരക്ഷണ വകുപ്പിന്റെ പഠനത്തില്‍ പറയുന്നത് 30 ശതമാനത്തോളം ഒന്നും രണ്ടും ഘട്ട നീര്‍ച്ചാലുകളും ചെറിയ അരുവികളും അപ്രത്യക്ഷമായി എന്നാണ്. പകുതിയോളം സ്ഥലങ്ങളില്‍ മഴക്കാലത്ത് മാത്രമാണ് ജലം ഒഴുകുന്നത്. മഴ പെയ്ത് അത് നീരുറവയായി ഉത്ഭവിച്ച് നദിയായി ഒഴുകുന്ന അവസ്ഥ മാറി എന്നാണ് ഇതിന് അര്‍ത്ഥം. ഇതൊക്കെയാണ് ഇവിടെ സംഭവിച്ചിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം. ഇത്തരം ചൂഷണങ്ങള്‍ക്കൊണ്ട് മണ്ണിലെ ജലാംശവും മണ്ണിലുള്ള ജൈവാംശവും കുറഞ്ഞത് മണ്ണിന്റെ ചൂട് വീണ്ടും കൂടാന്‍ ഇടയാക്കിയിട്ടുണ്ട്.

വയനാടിന്റെ ഒരു പ്രത്യേകത, ചെറിയ നീരുറവകളുടെ എണ്ണം കൂടുതലാണ് എന്നതാണ്. 5000 കിലോമീറ്ററോളമുണ്ട് വയനാട്ടിലെ നീരുറവകളുടെ ദൈര്‍ഘ്യം തന്നെ. അതേപോലെ മണ്ണിന്റെ കാര്യമെടുത്താല്‍, അടിയില്‍ പാറയാണ്. മണ്ണിന് കട്ടി കുറവുമാണ്. അതുകൊണ്ടുതന്നെ ജലാംശവും ഓര്‍ഗാനിക് മാറ്ററും കുറയുമ്പോള്‍ അടിയിലെ പാറ ചൂടാവുകയും മുകളിലേക്ക് ചൂട് പ്രവഹിക്കുകയും മണ്ണ് പെട്ടന്ന് ചൂട് പിടിക്കുകയും ചെയ്യും. ഇത് തണുപ്പ് ഇഷ്ടപ്പെടുന്ന വിളകള്‍ക്ക് ഇവിടെ വളരാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് നയിക്കും.

മഴയുടെ അളവിലുണ്ടായ കുറവിനെ എങ്ങനെ വിലയിരുത്താം?

പടിഞ്ഞാറന്‍ മലനിരകളില്‍നിന്നും കയറിവരുന്ന മഴമേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിപ്പിക്കണമെങ്കില്‍ ഇവിടെ തണുപ്പ് വേണം. ഈ വര്‍ഷം ആദ്യം വായു ഉണ്ടായതുകൊണ്ട് മഴമേഘങ്ങള്‍ വൈകിയാണെങ്കിലും എത്തി. എങ്കില്‍ക്കൂടിയും വയനാട്ടില്‍ ഇത്രയും മഴ ലഭിച്ചാല്‍പ്പോര. ഇടുക്കിയിലും കാസര്‍കോടും മഴ കൂടുതലായി പെയ്യുമ്പോള്‍പ്പോലും വയനാട്ടില്‍ മഴ കുറവാണ്. അത് മഴയെ പെയ്യിപ്പിക്കാനുള്ള വയനാടിന്റെ ശേഷി കുറഞ്ഞു എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.

2014ലും 2012ലും കൂടുതല്‍ മഴ ലഭിച്ചിരുന്നു. അതുപൊലെ 2018ല്‍ വലിയൊരു അതിവര്‍ഷവും ലഭിച്ചു. പക്ഷേ, 1921ലും 61ലും ഉണ്ടായ അതിവര്‍ഷവുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ഏകദേശം മൂന്നില്‍ രണ്ട് മഴയെ ഈ കാലഘട്ടത്തിലെല്ലാം ലഭിച്ചിട്ടുള്ളൂ എന്നത് വ്യക്തമാവും.

വനാടിന്റെ മലത്തലപ്പുകളൊക്കെ ഒരുപാട് മഴയെ സ്വീകരിക്കാന്‍ ശേഷിയുള്ളതായിരുന്നു. പക്ഷേ, ഇപ്പോഴുണ്ടായ ദുരന്തങ്ങള്‍ പരിശോധിച്ചാല്‍ ഈ മലത്തലപ്പുകള്‍ക്കും കുന്നുകള്‍ക്കും ഈ സംഭരണ ശേഷി കുറഞ്ഞതായി മനസിലാവും. പ്രളയസമയത്ത് മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടായത് ഭൂമിശാസ്ത്രപരമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് സെസ് അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള പ്രദേശങ്ങള്‍ക്ക് പുറത്താണ്. ഉരുള്‍പ്പൊട്ടല്‍ എന്നത് മണ്ണിന്റെ സംഭരണശേഷിക്കപ്പുറം വെള്ളം കൂടുന്നതുകൊണ്ടുള്ള പ്രതിഭാസമാണ്. മണ്ണിന്റെ കട്ടികുറഞ്ഞഭാഗം, മലഞ്ചെരിവ് തുടങ്ങിയവ പരിശോധിച്ചാണ് സെസ് മണ്ണിടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ തിട്ടപ്പെടുത്തുന്നത്. ഈ സാധ്യതാ പ്രദേശങ്ങളെല്ലാം മലത്തലപ്പുകളിലാണ്. പക്ഷേ, ഈ പ്രദേശങ്ങള്‍ക്ക് പുറത്താണ് അതിവര്‍ഷത്തിന്റെ സമയത്ത് മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടായത്.

കേടുപാടുകളൊന്നുമില്ലാതെ വനം നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ മണ്ണിടിച്ചിലുകള്‍ കുറവായിരുന്നു. ഉദാഹരണത്തിന് തൊണ്ടര്‍നാട്, പേരിയ തുടങ്ങിയ വനം അധികമായുള്ള പ്രദേശങ്ങളിലൊന്നും മണ്ണ് ഇടിഞ്ഞിട്ടില്ല. അതേസമയം, വൈത്തിരി, പൊഴുതന പോലെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടിയ സ്ഥലങ്ങളിലും ഭൂമിയുടെ രൂപത്തില്‍ മാറ്റം വരുത്തി പ്രദേശങ്ങളിലും വലിയതോതില്‍ മണ്ണിടിച്ചിലുണ്ടായി.

പിന്നെ, ഹൈവെയുടെ അരികുകളിലാണ് അധികവും പ്രശ്‌നങ്ങളുണ്ടായിട്ടുള്ളത്. ഭൂവിനിയോഗത്തില്‍ വന്ന മാറ്റം ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ച പ്രധാനപ്പെട്ട കാരണമായിരിക്കുകയാണ് ഇവിടെ എന്ന് മനസിലാക്കാം.

പ്രളയാനന്തരം വയനാട്ടിലെ കൃഷിക്ക് എന്താണ് സംഭവിച്ചത്?

ഇപ്പോഴത്തെ അവസ്ഥ എന്ന് പറഞ്ഞാല്‍ ആഗോള കാലാവസ്ഥയിലുണ്ടായ മാറ്റമുണ്ട്, വയനാടന്‍ സൂക്ഷ്മകാലാവസ്ഥയിലുണ്ടായ മാറ്റവുമുണ്ട്. ഇതെല്ലാംകൂടി ചേര്‍ത്തുവക്കുമ്പോള്‍ വയനാടിന് വരള്‍ച്ചയെയും അതിവര്‍ഷത്തെയും നമ്മള്‍ എപ്പോഴും പ്രതീക്ഷിക്കണം.

ഓരോ ദുരന്തവും ഓരോ അനുഭവമാണല്ലോ നമുക്ക് നല്‍കുന്നത്. ഇത്തവണത്തെ പ്രളയത്തിന്റെ അനുഭവം വച്ചും കാര്യങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. കാര്‍ഷിക ആവാസ വ്യവസ്ഥയാണ് വയനാട്ടില്‍. പ്രാദേശിക സാമ്പത്തിക വ്യവസ്ഥ 90 ശതമാനവും കൃഷിയെത്തന്നെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇതില്‍ ഏതൊക്കെ വിളകളാണ് പ്രളയത്ത അതിജീവിച്ചത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

എണ്‍പത് ശതമാനം നെല്‍ കര്‍ഷകരും അവരുടെ വിള നഷ്ടപ്പെടാതെ പിടിച്ചുനിന്നിട്ടുണ്ട് എന്നതാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഒന്നുകില്‍ വെള്ളം കയറിക്കിടന്നിട്ടും മുളച്ചുവന്ന നെല്ലുണ്ട്. അതല്ലെങ്കില്‍ പ്രളയത്തിന് ശേഷം കുറഞ്ഞ കാലംകൊണ്ട് വിളവെടുക്കാവുന്ന വിത്തുകള്‍ ഉപയോഗിച്ച് വിതയ്ക്കാനും അതിന്റെ വിളവെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍, വാഴയും കമുകും മുഴുവനായും ചെടി തന്നെ നശിച്ചുപോയ അവസ്ഥയാണ്. വാഴകര്‍ഷകന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം വച്ചുനോക്കിയാല്‍ അധികം നഷ്ടം സംഭവിച്ചില്ലെന്ന് പറയാം. ഒരുവാഴയ്ക്ക് വരാവുന്ന നഷ്ടം കണക്കാക്കി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ സമ്പദ് വ്യവസ്ഥ പരിശോധിച്ചാല്‍ പ്രളയം ഈ കര്‍ഷകര്‍ക്ക് വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നത് വ്യക്തം. കാരണം ഇവിടെ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം കൊണ്ട് മനുഷ്യര്‍ അതിജീവിക്കുകയാണ് ചെയ്തത്. അത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വാഴയ്ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിലുള്ള വാഴയും കൊല്ലികളിലെ കമുകുമാണ് നശിച്ചത്.

ചില ഉയര്‍ന്ന പ്രദേശത്തെ കുരുമുളകിനും വലിയ പ്രശ്‌നം സംഭവിച്ചിട്ടില്ല. വിള നഷ്ടപ്പെട്ടെങ്കിലും കാപ്പി ചെടിക്ക് നാശനഷ്ടമൊന്നും സംഭവിച്ചില്ല.

ഇവയെ എല്ലാം അതിജീവിച്ച് മുന്നോട്ട് പോകണമെങ്കില്‍ കൃഷിരീതിയിലും വിളകളിലും വരുത്തേണ്ട മാറ്റം അനിവാര്യമാണ്. തണ്ണീര്‍ത്തടങ്ങളില്‍ വെള്ളം നിലനിര്‍ത്തേണ്ടതുകൊണ്ടും നെല്‍കൃഷി ചെയ്യേണ്ടതുമുണ്ട്, പ്രാദേശിക ഉല്‍പാദനം ഉണ്ടാകേണ്ടതിനും ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയും നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്.

സാധാരണ കല്ലടിയാരന്‍ എന്ന നെല്‍വിത്തിനെ ഒരു വരള്‍ച്ചാ പ്രതിരോധ വിത്തായിട്ടാണ് പറയാറുള്ളത്. പ്രളയശേഷം കര്‍ഷകരുടെ ഭാഗത്തുനിന്നും ഏറ്റവുമധികം ആവശ്യമുയര്‍ന്നതും കല്ലടിയാരന്റെ വിത്തിന് വേണ്ടിയായിരുന്നു. പലരും എന്തിനാണ് കര്‍ഷകര്‍ ഇപ്പോള്‍ ഈ വിത്ത് ആവശ്യപ്പെടുന്നതെന്ന ചോദ്യം ഉന്നയിച്ചിരുന്നു. പ്രളയശേഷം വയനാട്ടിലെ വയലുകളില്‍ മണല്‍കയറി നിറഞ്ഞു. ഇങ്ങനെ മണലുകയറിയ വയലുകളില്‍ കല്ലടിയാരന്‍ പെട്ടന്ന് വിതച്ച് വിളവെടുക്കാന്‍ കഴിഞ്ഞു. ഇതിനായിട്ടാണ് കൃഷിക്കാര്‍ ഈ വിത്ത് ആവശ്യപ്പെട്ടത്.

വെള്ളം കയറിക്കിടന്ന് ചെളിനിറഞ്ഞ വയലുകളില്‍ വെളിയന്‍, ചെന്താടി തുടങ്ങിയ വ്യത്യസ്ത ഇനങ്ങളും അതിജീവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സൂക്ഷ്മമായ ചില കാര്യങ്ങള്‍ മനസിലാക്കാനുണ്ട്.

കുരുമുളകിനെയും സംരക്ഷിക്കേണ്ടതുണ്ട്. ഇതില്‍ത്തന്നെ പ്രതിരോധ ശേഷി കൂടിയ ഇനം വിത്തുകള്‍ പരീക്ഷിക്കാവുന്നതാണ്. വെള്ളനാമ്പന്‍, കരിമുണ്ട തുടങ്ങിയ കുരുമുളകും വെള്ളം കെട്ടിനിന്ന സ്ഥലങ്ങളില്‍പ്പോലും രോഗം തീരെ വരാതെ അതിജീവിച്ചു.

അധികം ഭൂമി ഇളക്കാത്ത പ്രദേശങ്ങളില്‍ ബാക്കിയുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് മണ്ണിന്റെ ഫലഭൂയിഷ്ടിയിലുണ്ടായ നഷ്ടവും കുറവാണ്. ആ സ്ഥലങ്ങള്‍ക്ക് മണ്ണൊലിപ്പിനെയും മറ്റും പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിഞ്ഞു.

മുന്നോട്ട് എങ്ങനെ പോകണം എന്നാണല്ലോ ആലോചിക്കേണ്ടത്. പുനര്‍നിര്‍മ്മാണത്തിന് ഈ പാഠങ്ങള്‍ത്തന്നെയാണ് പ്രധാനപ്പെട്ടത്.

നിമിഷ ടോം